തിരുവിതാംകൂർ ദേവസ്വം ബോർഡ് വക സ്കൂളുകളിലെ, നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്നതിലേക്ക് ദേവസ്വം ബോർഡ്, വിദ്യാർത്ഥികൾക്കായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം ദേവസ്വം ,പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക സമുദായ ക്ഷേമ, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഹയർ സെക്കൻ്ററി, ഹൈസ്കൂൾ, യുപി, എൽ.പി വിഭാഗങ്ങളിലായി 22 സ്കൂളുകളിലേക്കാണ് 181 സ്മാർട്ട് ഫോണുകൾ കൈമാറിയത്. തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് മന്ത്രിയിൽ നിന്ന് സ്കൂൾ അധികാതിരുവിതാംകൂർ ദേവസ്വം ബോർഡ് വക സ്കൂളുകളിലെരികൾ ഫോണുകൾ ഏറ്റുവാങ്ങി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘടനകളാണ് ഫോണുകൾ വാങ്ങി നൽകിയത്.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി ,പി.എം.തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം സെക്രട്ടറി ഗായത്രീ ദേവി എന്നിവരും സംബന്ധിച്ചു. സുമംഗലി ഓഡിറ്റോറിയത്തിൽ കൊവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.
