തമിഴ്നാട് നിമസഭാ തെരഞ്ഞെടുപ്പ്; MK സ്റ്റാലിന്റെ പ്രധാന എതിരാളി കളത്തിലിറങ്ങി

സ്റ്റാലിനെന്ന അതികായനോടും ഡിഎംകെ എന്ന സുശക്തമായ സംഘടനാ ശരീരത്തോടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് വിജയ്. അതായത് തമിഴ് സൂപ്പർ താരം വിജയ് വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) നിഷേധിക്കുകയായിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി വിജയിയും പാർട്ടിയും ഒരുങ്ങുന്നു എന്നായിരുന്നു മറുപടി.ഒരു വർഷം മാത്രമാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത്. എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. ബിജെപിയുമായി അണ്ണാഡിഎംകെ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഒറ്റയാൾ പട്ടാളമായി വിജയുടെ ടിവികെ വരുന്നത്.

മത്സരത്തിനിറങ്ങുമ്പോേൾ, തന്ത്രങ്ങൾ മെനയാനുള്ള ഒരു തലച്ചോർകൂടിവേണം. അത് മറ്റാരേക്കാളും നന്നായി അറിയുന്ന ആളുതന്നെയാണ് വിജയ്. കാരണം അയാൾ ഒരു സുപ്രഭാതത്തിൽ പാർട്ടി രൂപീകരിച്ച് രംഗത്തുവന്നതല്ല. വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് വിജയ് തന്റെ രാഷ്ടീയ പാർട്ടിയായ TVK പ്രഖ്യാപിച്ചത്. 15 മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ വെട്രിക്കൊടി പാറിക്കാൻ തന്നെയാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. അവിടെയാണ് വിജയുടേയും പ്രശാന്ത് കിഷോർ എന്ന ഹൈ പെയ്ഡ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റിന്റെയും കൂടിക്കാഴ്ച്ച എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടിയത്. അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും തമിഴ്‌നാടിന്റെ ഭരണം പിടിക്കുകയുമാണ് ടിവികെയുടെ ലക്ഷ്യം. വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് നേതാക്കളും അണികളും ആവർത്തിക്കുന്നു. ഏത് മണ്ഡലത്തിലാണ് വിജയ് മൽസരിക്കുക എന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു. ഒന്നിലധികം മണ്ഡലങ്ങളിൽ ഗ്രൗണ്ട് സർവെ പാർട്ടി നടത്തുന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് രൂപരേഖ വരുന്ന 28ന് ചേരുന്ന പാർട്ടി യോഗത്തിൽ പ്രഖ്യാപിച്ചേക്കും.

വിജയ് മത്സരിക്കാനായി തെരഞ്ഞെടുത്തത് രാമനാഥപുരം മണ്ഡലമാണ്. തീരദേശ മേഖലയായ രാമനാഥപുരം മണ്ഡലത്തിൽ വിജയ് മൽസരിക്കാനാണ് സാധ്യത എന്ന് അദ്ദേഹത്തിന്റെ പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ വാർത്ത നൽകി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും രാമനാഥപുരം മണ്ഡലത്തിൽ മൽസരിച്ചാൽ മികച്ച വിജയം നേടാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഇവിടെയുള്ള തീരദേശവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ ഏറ്റെടുക്കാനാണ് ടിവികെയുടെ തീരുമാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി രാമനാഥപുരത്ത് നിന്ന് മൽസരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷേ, യുപിയിലെ വരാണസിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവിക സേന പിടികൂടുന്ന തമിഴ് മൽസ്യത്തൊഴിലാളികൾ രാമനാഥപുരത്തുള്ളവരാണ്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിൽ പ്രതിഷേധം സജീവമാണ്. വിഷയത്തിൽ അടുത്തിടെ വിജയ് പ്രതികരിച്ചിരുന്നു. ഡിഎംകെയെയും ബിജെപിയെയും കുറ്റപ്പെടുത്തിയായിരുന്നു വിജയുടെ പ്രതികരണം. കേന്ദ്രവും സംസ്ഥാനവും വേണ്ടത്ര താൽപ്പര്യം വിഷയത്തിൽ എടുക്കുന്നില്ല എന്നും വിജയ് കുറ്റപ്പെടുത്തി.

നാഗപട്ടണത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ വിജയ് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാമനാഥപുരത്തെ മൽസ്യത്തൊഴിലാളികളുടെ പ്രതിസന്ധിയാണ് വിജയ് ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം എന്ന് ടിവികെ നേതാക്കൾ പറയുന്നു. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നിർദേശ പ്രകാരമാണ് വിജയ് നടത്തുന്ന ഓരോ നീക്കങ്ങളും.

വർഷങ്ങളായി തന്റെ ആരാധക കൂട്ടായ്മയിലൂടെ സന്നദ്ധ സേവനം നടത്തിവരികയായിരുന്നു വിജയ്. 2021ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച വിജയ് ആരാധകർ വലിയ നേട്ടം കൊയ്തിരുന്നു. പിന്നീടാണ് ടിവികെ പ്രഖ്യാപനമുണ്ടായത്. അടുത്തിടെ കാഞ്ചീപുരത്ത് പാർട്ടിയുടെ ആദ്യ വാർഷിക യോഗത്തിന് വിജയ് എത്തിയപ്പോൾ കൂടെ പ്രശാന്ത് കിഷോറും ഉണ്ടായിരുന്നു. വിജയുടെ വരവ് ബിജെപിയെ സഹായിക്കാനാണ് എന്നാണ് ഡിഎംകെയുടെ വിമർശനം. ബിജെപിയും വിജയുടെ പാർട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ തന്ത്രങ്ങളും. പിന്നീട് ഒരുപാട് തിരഞ്ഞെടുപ്പുകളിൽ പ്രശാന്ത് കിഷോറിന്റെ പേരും ഉയർന്നുകേട്ടു. നിതീഷ് കുമാറിന് വേണ്ടി ബിഹാറിലും ക്യാപ്റ്റൻ അമരീന്ദർ സിം?ഗിന് വേണ്ടി പഞ്ചാബിലും മമതയ്ക്കുവേണ്ടി വങ്കനാട്ടിലും അരവിന്ത് കെജരിവാളിന് വേണ്ടി ഡൽഹിയിലുമെല്ലാം പ്രശാന്ത് കിഷോർ തേര് തെളിച്ചപ്പോൾ വിജയമുറപ്പിച്ചു. അങ്ങനെ ഇന്ത്യയിലെ ഏറ്റവുമുയർന്ന സ്‌ട്രൈക്ക് റേറ്റുള്ള ഹൈപെയ്ഡ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായി തിളങ്ങി നിന്നപ്പോഴാണ് അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ച് കളം മാറ്റി ചവിട്ടിയത്. എന്നാൽ ഇപ്പോൾ വീണ്ടും പഴയകുപ്പായമിട്ട് വിജയിക്കൊപ്പം പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ DMK യുടെ നെഞ്ചിടിപ്പ് കൂടുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *