അപകീർത്തിക്കേസിൽ തനിക്കെതിരെയുള്ള ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി നൽകിയത്. ഹർജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഇന്ന് ആവശ്യപ്പെടും. സൂറത്ത് ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പങ്കജ് ചമ്പനേരി പറഞ്ഞു.
കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചാൽ മാത്രമേ രാഹുലിന്റെ ലോക്സഭാംഗത്വം തിരിച്ചുകിട്ടുകയുള്ളു. അപ്പീലിലെ വിചാരണ വൈകും എന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യണം എന്നാണ് ആവശ്യം. ശിക്ഷ സസ്പെൻഡ് ചെയ്തില്ലെങ്കിൽ അപരിഹാര്യമായ നഷ്ടങ്ങൾ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന് എതിരായ രാഹുലിന്റെ അപ്പീൽ നേരത്തേ സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ഇക്കാരണത്താൽ ആണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരൻ ആണെന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഗാന്ധി ഹർജി നൽകിയത്.
