ട്രെയിനില്‍ കൊള്ളയടി, സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; 6 യാത്രക്കാര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആയുധങ്ങളുമായി എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.വെള്ളിയാഴ്ച രാത്രി ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍ ഉണ്ടായത്.

മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കവര്‍ച്ചാസംഘം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളിലൊന്നില്‍ കയറിയത്. ട്രെയിന്‍ യാത്ര തുടരുന്നതിനിടെ ഇവര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. ഓരോ യാത്രക്കാരില്‍നിന്നും പണവും സ്വര്‍ണവും കവര്‍ന്നു. ചെറുത്തുനില്‍പ്പിന് ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു.

ഇതിനിടെ, കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവര്‍ച്ചാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. കോച്ചിലെ യാത്രക്കാര്‍ ഉറക്കെ ബഹളംവെച്ചതോടെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ഈ കോച്ചിലേക്ക് ഓടിവന്നു. തുടര്‍ന്ന് രണ്ട് പ്രതികളെ ഉടന്‍തന്നെ പിടികൂടി. ട്രെയിനില്‍ നടത്തിയ തിരച്ചില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി നാലുപേരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

കൂട്ടത്തിലുണ്ടായ മറ്റ് 4 പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ് എന്ന് റെയില്‍വേ പൊലീസ്. പിടിയിലായ പ്രതികളില്‍നിന്ന് 34000 രൂപയുടെ മോഷണമുതല്‍ കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചാക്കേസിന് പുറമേ ബലാത്സംഗക്കേസും ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *