2025 ലെ ആദ്യ രണ്ട് മാസങ്ങൾ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൂർണ്ണമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ കാരണം ഭൗമരാഷ്ട്രീയ മേഖലയിൽ മെത്തത്തിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും സ്വർണം, ക്രിപ്റ്റോകറൻസി തുടങ്ങിയ മറ്റ് ആസ്തി വിഭാഗങ്ങൾക്ക് റിട്ടേൺ തികച്ചും വ്യത്യസ്തമായി പ്രവർത്തിച്ചു.യുഎസിന്റെ താരിഫ് ഭീഷണി കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിടുക്കം കൂട്ടുകയും വിതരണ ശൃംഖലയിലെ അനിശ്ചിതത്വം സൃഷ്ടിക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തതിനാൽ ഈ വർഷം ഇതുവരെ സ്വർണ വില 12% ത്തിലധികം ഉയർന്നു. കഴിഞ്ഞ മാസം മാത്രം, ഓഹരി വിപണികൾ നഷ്ടത്തിൽ തുടർന്നിട്ടും സ്വർണം ഏകദേശം 3% ഉയർന്നു.ഇതേ കാലയളവിൽ എസ് & പി 500 സൂചിക 1.5% ത്തിലധികം ഇടിഞ്ഞു. ടെക്-ഹെവി സൂചികയായ നാസ്ഡാക്കും ഏകദേശം 4% നെഗറ്റീവ് റിട്ടേണുകൾ നൽകി നിക്ഷേപകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ മാസം ഏകദേശം 5% ഇടിഞ്ഞു. അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുന്നത് തുടരുകയാണ്.നിക്ഷേപകർ പരമ്പരാഗത ആസ്തികളിലേക്ക് മടങ്ങുന്നതായി തോന്നുമെങ്കിലും, ഏറ്റവും അപകടസാധ്യതയുള്ള ആസ്തി ക്ലാസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ക്രിപ്റ്റോകറൻസിയുടെ പാത അവഗണിക്കുന്നത് തെറ്റായിരിക്കും. നിക്ഷേപകരുടെ താൽപ്പര്യം ആകർഷിക്കുന്നത് ബിറ്റ്കോയിൻ മാത്രമല്ല, എഡിഎ, എക്സ്ആർപി, എതെറിയം പോലുള്ള മറ്റ് ക്രിപ്റ്റോ നാണയങ്ങളും കൂടിയാണ്.
ഡിജിറ്റൽ ആസ്തി മേഖലയിലെ പ്രബലമായ ക്രിപ്റ്റോകറൻസിയായി ബിറ്റ്കോയിൻ തുടരുമ്പോഴും പരിമിതമായ വിപണി വിഹിതമുള്ള മറ്റ് ക്രിപ്റ്റോ നാണയങ്ങൾ വളരെ വേഗത്തിൽ ആക്കം കൂട്ടാൻ തുടങ്ങുമെന്ന് പലരും കണക്കാക്കുന്നു. ട്രംപ് ആദ്യമായി ‘ക്രിപ്റ്റോ റിസർവ്’ എന്ന് പരാമർശിച്ചപ്പോൾ തന്നെ ബിറ്റ്കോയിനിൽ നേരിയ വർധനവ് ഉണ്ടായി. അതേസമയം എഡിഎ, എസ്ഒഎൽ, എക്സ്ആർപി പോലുള്ള മറ്റ് ഡിജിറ്റൽ നാണയങ്ങൾ 50% വരെ കുതിച്ചു.ഈ വർഷം ആദ്യം, ഗോൾഡ്മാൻ സാച്ച്സ് ബിറ്റ്കോയിനിലും എതെറിയം എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലും നിക്ഷേപം വർധിപ്പിച്ചു. എതെറിയം ഇടിഎഫ് ഹോൾഡിംഗുകൾ 2000% വർധിപ്പിച്ചു. ഈ വർഷം ഇതുവരെ നിരവധി ക്രിപ്റ്റോ നാണയങ്ങൾ കുതിപ്പ് നടത്തി എന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴും ആസ്തി വിഭാഗത്തിലെ ചാഞ്ചാട്ടം അവഗണിക്കാനാകില്ല. ഇവിടെയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം മികച്ച റിട്ടേൺ നേടുന്നത്.
കഴിഞ്ഞ വർഷം, മഞ്ഞ ലോഹം 25%-ത്തിലധികം ഉയർന്നു. കഴിഞ്ഞ വർഷത്തെ കുതിപ്പ് ഈ വർഷവും തുടരും എന്നും സ്വർണ വില 3000 ഡോളർ എന്ന വിലനിലവാരത്തിലെത്തുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അനിശ്ചിതത്വം വ്യക്തിഗത നിക്ഷേപകരെ മാത്രമല്ല, സെൻട്രൽ ബാങ്കുകളെയും അവരുടെ സ്വർണ ഹോൾഡിംഗ് വർദ്ധിപ്പിക്കാൻ നിർബന്ധിതരാക്കി, ഇത് വില ഉയരാൻ കാരണമായി.

 
                                            