കോവിഡ് വന്നുപോയിട്ടും കാലങ്ങളോളം അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നത് പലരിലും കണ്ടുവരുന്നു. ഇത് പലരിലും പല വിധത്തിലാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ദീര്‍ഘകാല കോവിഡിനെ കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശമാണ്. ദീര്‍ഘകാല കോവിഡ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ മൂന്നു ലക്ഷണങ്ങളാണ് നിരീക്ഷകണ്ടെതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് വന്നതിനുശേഷം ആളുകള്‍ നേരിടുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്ന് ശ്വാസംമുട്ടല്‍ തന്നെയാണ്. തലച്ചോറുമായി ബന്ധപ്പെട്ട ധാരണാ ശേഷിക്കുറവും ദീര്‍ഘകാല കോവിഡിന്റെ ലക്ഷണമാണ്. ഇത് ബ്രെയിന്‍ ഫോഗ് എന്നറിയപ്പെടുന്നു. പിന്നീടുണ്ടാകുന്ന ഒരു ലക്ഷണം ക്ഷീണം തന്നെയാണ്. കോവിഡ് വന്ന് മൂന്നു മാസത്തിനു ശേഷവും ഈ ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ആവശ്യമായ ചികിത്സ തേടേണ്ടതാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം ക്ലിനിക്കല്‍ മാനേജ്മെന്റ് ലീഡ് ഡോ. ജാനറ്റ് ഡയസ് പറയുന്നുണ്ട്. സാധാരണഗതിയില്‍ ഈ ലക്ഷണങ്ങള്‍ ആണ് ഉള്ളതെങ്കില്‍ പോലും ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം ലക്ഷണങ്ങള്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
