കേരള രാഷ്ട്രീയത്തിൽ വനിതകൾക്ക് വിലക്കോ ? ‌

വനിതാ സംവരണവും വനിതാ മുന്നേറ്റവും ആണ് തങ്ങളുടെ ലക്ഷ്യം എന്ന് ഊന്നി ഊന്നി പറയുന്ന രാഷ്ട്രീയപാർട്ടികൾ ഇന്ന് കേരളത്തിലുണ്ട്.. നിയമസഭയിലോ ഭരണസംവിധാനത്തിലോ സ്വന്തം പാർട്ടിയിൽ നിന്നും എത്ര വനിതകൾ ഉണ്ട് എന്ന് ചോദിച്ചാൽ തലകുനിക്കേണ്ട അവസ്ഥയുമാണ് . പ്രത്യേകിച്ചും കേരള രാഷ്ട്രീയത്തിൽ..

ഭരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം ജാജ്വല്യമാർന്ന സാന്നിധ്യം വനിതകൾ അറിയിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയായിരിക്കെ ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമവും ഭൂമി പതിച്ചുകൊടുക്കൽ നിയമവും നടപ്പാക്കിയ ഗൗരിയമ്മ മുതൽ ആരോഗ്യ രംഗത്ത് ആഗോള തലത്തിൽ പ്രശംസ പിടിച്ചുപറ്റിയ കെകെ ശൈലജ വരെ ഇക്കൂട്ടത്തിലുണ്ട്.

എന്നിട്ടും എന്തേ വനിതകൾ എംഎൽഎയും എംപിമാരും ആകുന്നതിൽ പിന്നാക്കം പോയി എന്ന ചോദ്യത്തിന് രാഷ്ട്രീയ കേരളത്തിന് കൃത്യമായ മറുപടിയില്ല. ഐക്യകേരളത്തിന് ഇതുവരെ 11 വനിതാ മന്ത്രിമാരേ ഉണ്ടായിട്ടുള്ളൂ. ഇതിൽ പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രിയായ നിലവിലെ മന്ത്രിസഭയിലാണ് ആദ്യമായി മൂന്ന് പേർക്ക് അവസരം ലഭിച്ചത് എന്നതും എടുത്തു പറയണം. കെആർ ഗൗരിയമ്മ, എം കമലം, എംടി പത്മ, സുശീലാ ഗോപാലൻ, പികെ ശ്രീമതി, പികെ ജയലക്ഷ്മി, കെകെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, വീണ ജോർജ്, ആർ ബിന്ദു, ചിഞ്ചു റാണി… കേരളത്തിൽ മന്ത്രിമാരായ വനിതകളുടെ പട്ടിക ഇവിടെ നിൽക്കുന്നു. നിലവിലെ 140 എംഎൽഎമാരിൽ 12 പേർ മാത്രമാണ് വനിതകൾ. പത്ത് ശതമാനം പോലുമില്ല എന്ന് ചുരുക്കം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പികെ ജയലക്ഷ്മിയും പത്മജ വേണുഗോപാലും ബിന്ദു കൃഷ്ണയും ഉൾപ്പെടെ 12 വനിതകളെ യുഡിഎഫ് മൽസരിപ്പിച്ചെങ്കിലും ജയിച്ചത് കെകെ രമ മാത്രം. ഉപതിരഞ്ഞെടുപ്പിലൂടെ പിന്നീട് ഉമാ തോമസും സഭയിലെത്തി. 25 വർഷത്തിന് ശേഷം നൂർബിന റഷീദിലൂടെ മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥി എന്ന പരീക്ഷണം നടത്തിയെങ്കിലും തോറ്റു. ശോഭ സുരേന്ദ്രൻ ഉൾപ്പെടെ 20 വനിതകളെ ബിജെപി മൽസരിപ്പിച്ചെങ്കിലും എല്ലാവരും വീണു.

15 വനിതകളെ എൽഡിഎഫ് മൽസരിപ്പിച്ചിരുന്നു. കെകെ ശൈലജ, വീണ ജോർജ്, ആർ ബിന്ദു, യു പ്രതിഭ, കാനത്തിൽ ജമീല, ചിഞ്ചുറാണി, ഒഎസ് അംബിക, കെ ശാന്തകുമാരി, ദലീമ ജോജോ, സികെ ആശ എന്നിവരാണ് ജയിച്ചത്. വീണ ജോർജ്, ആർ ബിന്ദു, ചിഞ്ചുറാണി എന്നിവർ മന്ത്രിമാരായി. മുസ്ലിം വനിതകളുടെ പ്രാതിനിധ്യമില്ലായ്മയും എടുത്തു പറയേണ്ടതാണ്. സിപിഐയിലെ കെഒ ആയിഷ ഭായി, കോൺഗ്രസിലെ എ നഫീസത്ത് ബീവി, സിപിഎം സ്വതന്ത്ര എ നബീസ ഉമ്മാൾ, സിപിഎമ്മിലെ കെഎസ് സലീഖ, കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ, സിപിഎമ്മിലെ കാനത്തിൽ ജമീല എന്നിവരാണ് കേരളത്തിൽ ഇതുവരെ എംഎൽഎമാരായ മുസ്ലിം വനിതകൾ.
കേരളത്തിൽ എന്തുകൊണ്ട് വനിതാ മുഖ്യമന്ത്രിയില്ല എന്ന ചോദ്യം പലപ്പോഴും ഉയർന്നതാണ്. 1987ൽ ഗൗരിയമ്മ മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞിരുന്നു. അപ്രതീക്ഷിതമായി ആ കസേരയിൽ ഇരിപ്പുറപ്പിച്ചു ഇകെ നായനാർ. അതോടെ പുതുയുഗപ്പിറവിയുടെ സാധ്യത തല്ലിക്കെടുത്തപ്പെട്ടു. ജനകീയ മന്ത്രി എന്ന വിശേഷണം ലഭിച്ച കെകെ ശൈലജയിലൂടെ 2021ൽ വീണ്ടും വനിതാ മുഖ്യമന്ത്രി ചർച്ചയായെങ്കിലും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകട്ടെ എന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടിയാണ് എല്ലാം എന്ന ഒറ്റവരി മറുപടിയിൽ ചോദ്യങ്ങൾ തഴയപ്പെട്ടു.
കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജനവിധി തേടിയത് 11 വനിതകൾ മാത്രമാണ്. മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളായത് 9 പേർ. സിപിഎം 2, സിപിഐ 1, കോൺഗ്രസ് ഒന്ന്, ബിജെപി 4, ബിഡിജെഎസ് 1 എന്നിങ്ങനെയാണ് വനിതകളുടെ നിര. തിരുവനന്തപുരത്തും കൊല്ലത്തും എസ്‌യുസിഐ വനിതകളെ മൽസരിപ്പിച്ചിരുന്നു. ഫലം വന്നപ്പോൾ ഒരാൾ പോലും ഡൽഹിയിലേക്ക് വണ്ടി കയറിയില്ല. നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിയാണ് മുന്നിൽ എന്ന് കണക്കുകളിൽ വ്യക്തം. 33 ശതമാനം സംവരണം നടപ്പാകുന്നതോടെ മാറ്റം പ്രത്യാശിക്കാം.

പെണ്ണ് ഭരിച്ചാൽ എന്താ കുഴപ്പം എന്ന് നിയമസഭയിൽ കെകെ ശൈലജ ഉന്നയിച്ച ചോദ്യം ഏതാനും വർഷം മുമ്പ് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കെഎം ഷാജിയുടെ ഒരു പരാമർശനത്തിന് മറുപടി പറയുമ്പോഴായിരുന്നു ശൈലജയുടെ വാക്കുകൾ. തൊട്ടടുത്ത തമിഴ്‌നാട് മുതൽ രാജ്യതലസ്ഥാമായ ഡൽഹി വരെ വനിതാ മുഖ്യമന്ത്രിക്ക് കസേര ഇട്ടുകൊടുത്തിട്ടുണ്ടെങ്കിലും വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന മലയാളിക്ക് വനിതാ മുഖ്യമന്ത്രിയെ ഇപ്പോഴും ദഹിച്ച മട്ടില്ല. മറ്റൊരു വനിതാ ദിനം കൂടി വരുമ്പോൾ കാലിക പ്രസക്തമായ വിഷയമായി ഇക്കാര്യം കൂടി ആഴത്തിൽ ചർച്ചയാകണം

Leave a Reply

Your email address will not be published. Required fields are marked *