സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറി ഹരിതീർഥക്കര. വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാടിനു നടുവിലൂടെ കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലാണ് ഈ മനോഹര ദൃശ്യം നമുക്ക് കാണാനാകുക.
പയ്യന്നൂരില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം. മാത്തില്‍പാടിയോട്ടുചാല്‍ റോഡില്‍ ചൂരല്‍ ബസ് സ്റ്റോപ്പില്‍നിന്നാണ് ഹരിതീര്‍ഥക്കര വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടത്തിന് അരിയില്‍ വെള്ളച്ചാട്ടമെന്നും പേരുണ്ട്. വെള്ളരിക്കാം തോട്, വെളിച്ചം തോട് എന്നിവിടങ്ങളില്‍നിന്നും ഉദ്ഭവിച്ച് പെരുമ്പ പുഴയിലാണ് ഇത് ചെന്നുചേരുന്നത്.
മഴക്കാലത്ത് മാത്രമേ ഇവിടെ വെള്ളമുണ്ടാകൂ. താരതമ്യേന അപകടസാധ്യത കുറവാണെന്ന പ്രത്യേകതയുമുണ്ട്. അവധിദിനങ്ങള്‍ ചെലവിടാന്‍ നിരവധി പേരാണ് കുടുംബസമേതം ഇവിടെയെത്തുന്നത്. ഈ പ്രദേശത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ നടപ്പിലാക്കി വരുകയാണ്.
