കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനയുടെ മൃതദേഹം വീട്ടിലെത്തിച്ചു. 12മണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ എത്തിച്ചത്. നിതിനയുടെ വീട്ടില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം സഹോദരന്റെ വീട്ടിലാണ് സംസ്‌കാരം.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേയ്ക്ക് ആശുപത്രിയില്‍ നിന്നും കൊണ്ടുപോയത്. ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ആഴത്തിലുള്ളതും വീതിയേറിയതുമായ മുറിവായിരുന്നു. രക്തം വാര്‍ന്നാണ് നിതിന മരിക്കുന്നത്. പാലാ മരിയന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇന്നലെയാണ് കോളേജില്‍ പരീക്ഷയ്ക്കെത്തിയ നിതിനയെ സഹപാഠി അഭിഷേക് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പാലാ സെന്റ് തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ഫുഡ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ത്ഥികളാണ് ഇരുവരും. പ്രണയ നൈരാശ്യാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.
അഭിഷേകിനെ സംഭവ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടക്കുകയാണ്. വളരെ ശാന്തനായാണ് അഭിഷേക് പെരുമാറുന്നതെന്ന് പോലീസ് അറിയിച്ചു. ഒരാഴ്ച്ച മുന്‍പാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബ്ലേഡ് വാങ്ങിയത്. നിതിനയുടെ അമ്മയ്ക്കും അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഭിഷേക് ഉപയോഗിച്ചിരുന്ന ഫോണിലെ രേഖകള്‍ അടക്കം പോലീസ് പരിശോധിക്കും.
