ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ഭാരത് ബന്ദിനോട് ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉപരോധം റോഡ് – റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. രാവിലെ ആറ് മണിയോടെ കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപരോധം തുടങ്ങി. ദില്ലി-മീററ്റ് ദേശീയപാത , കെഎംപി എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളില്‍ കര്‍ഷകരുടെ റോഡ് ഉപരോധം പൂര്‍ണ്ണമായിരുന്നു. ഇതോടെ ദില്ലി നഗരത്തിലേക്കുള്ള ഗതാഗത കുരുക്ക് രൂക്ഷമായി.
പഞ്ചാബ്, ഹരിയാന, യുപി, ഒഡീഷ, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. പഞ്ചാബില്‍ 230 ഇടങ്ങളിലാണ് ഉപരോധം നടന്നത്. ദില്ലി, സോനിപത്ത്, ഹിസാര്‍, അമൃത്സര്‍, ഫിറോസ്പൂര്‍ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞതോടെ റെയില്‍വെ സര്‍വീസ് സ്തംഭിച്ചു. 25 ട്രെയിനുകള്‍ റദ്ദാക്കി.
പ്രതിപക്ഷ പാര്‍ട്ടികളും നൂറിലധികം സംഘടനകളും കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തി. ദില്ലി ജന്ദര്‍ മന്ദിറില്‍ ഇടത് തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മായാവതി എന്നിവരും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തി. തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
