കഥയുടെ മാന്ത്രിക പരവതാനിയേറി ബറോസ്

നാല് പതിറ്റാണ്ടിലേറെയായി അഭിനയ ലോകത്തുള്ള സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ നടനിൽ നിന്ന് സംവിധായകനിലേക്ക് ഉള്ള യാത്രയാണ് ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ’ എന്ന ത്രീഡി ചിത്രം. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെയാണ് ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് ഈ സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

സിനിമയുടെ പൂജ ചടങ്ങുകളും ചിത്രീകരണവും ആരംഭിക്കുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. “ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകുകയാണ്.24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി ഞാൻ അരങ്ങേറ്റം കുറിക്കുകയാണ്. ഈ നിയോഗത്തിനും എനിക്ക് തിരജീവിതം തന്ന നവോദയയുടെ ആശീർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർഥമായി പ്രാർത്ഥിക്കുന്നു,” മോഹൻലാൽ വീഡിയോയിൽ പറയുന്നതിങ്ങനെ.
ബാറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന പേരിലുള്ള നോവൽ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയിൽ ഗോവയും പോർച്ചുഗലുമാണ്‌ പ്രധാന ലൊക്കേഷനുകളാകുന്നത്. ആൻറണി പെരുമ്പാവൂരാണ് ആശിർവാദ് സിനിമാസിൻറെ ബാനറിൽ ഈ സിനിമ നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *