കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ; മിഠായിത്തെരുവില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: .കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന സമരത്തില്‍ പൊലീസും വ്യാപാരികളും തമ്മില്‍് സംഘര്‍ഷമുണ്ടായി്. പ്രതിഷേധിച്ച വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പതിമൂന്നോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് മിഠായി തെരുവ് ഉള്‍പ്പെടെയുള്ള മേഖലയില്‍ നിലവില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ നിരവധി ചെറുകിട വ്യാപാരം ഉള്‍പ്പെടെയുള്ള കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും,കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടിയുമായിരുന്നു പ്രതിഷേധം. കോഴിക്കോട് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ ആരോപണം.

ഇതിനിടെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ യുവജന സംഘടനകള്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയതോടെ വലിയ ആള്‍ക്കൂട്ടവും രൂപപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. യുവമോര്‍ച്ചയും വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ആയിരുന്നു വ്യാപാരികള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് വ്യാപാരികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ബാറുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വ്യാപാരികളുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് ആരോപണം. നിയന്ത്രണങ്ങള്‍ വ്യാപാരികളെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം സൂചന കടയടപ്പ് സമരം ഉള്‍പ്പെടെ സംഘടനകള്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *