ഓൺലൈൻ വാതുവെപ്പിന്റെ പരസ്യം പാടില്ല, മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നി‌ർദേശം

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് കർശന നിർദേശവുമായി കേന്ദ്രം. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നത് അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും കാര്യമായ സാമൂഹിക-സാമ്പത്തിക അപകടസാധ്യത സൃഷ്ടിക്കുന്നതായി നിർദേശത്തിൽ പറയുന്നു. ഈ ഓൺലൈൻ വാതുവയ്പ്പ് പരസ്യങ്ങൾ, നിരോധിക്കപ്പെട്ട ഈ പ്രവർത്തനത്തെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലം ചെയ്യുമെന്നും നിർദ്ദേശത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നു.

ഓൺലൈൻ വാതുവെപ്പിന്റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവ ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് റെഗുലേഷൻ നിയമം, 1995 ന് കീഴിലുള്ള പരസ്യ കോഡ്, പ്രസ് കൗൺസിൽ നിയമം, 1978 പ്രകാരം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിൽ പത്രപ്രവർത്തന പെരുമാറ്റ ചട്ടങ്ങൾക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കുന്നില്ലെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഓൺലൈൻ പരസ്യ ഇടനിലക്കാരും പ്രസാധകരും ഉൾപ്പെടെയുള്ള ഓൺലൈൻ, സമൂഹമാധ്യമങ്ങളോട് ഇത്തരം പരസ്യങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുതെന്നും ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമാക്കി അത്തരം പരസ്യങ്ങൾ ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *