സെപ്റ്റംബര്‍ 21 ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം. ഭയപ്പെടുത്തുന്ന ഒരു രോഗം. മറവി ഒരു അനുഗ്രഹമാണന്ന് ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നാം പറയുമ്പോഴും, ആ രോഗത്തിന്റെ തീവ്രത അതിന്റ ദുരിതത്തില്‍ കഴിയുന്നവരെ പരിചരിക്കുന്നവര്ക്കറിയാം. സ്വന്തക്കാരെയും, ബന്ധുക്കളേയും, മക്കളേയും, സുഹൃത്തുക്കളേയും എന്തിന് സ്വന്തം പേര് പോലും മറന്ന് പോകുന്ന ഭീകരമായ അവസ്ഥ. ചിന്തിക്കാന്‍തന്നെ വളരെ പ്രയാസം. രോഗലക്ഷണങ്ങള്‍ പതിയെ ഓര്‍മ്മകളെ കാര്‍ന്ന് തിന്നാന്‍ തുടങ്ങും. ചെറിയ ചെറിയ വസ്തുക്കള്‍ മറക്കുന്നതിലൂടെ നടന്നുപോകുന്ന വഴിയില്‍ തിരികെ സഞ്ചരിക്കാന്‍ കഴിയാതെ മറവിയിലേക്ക് മാഞ്ഞ്പോകും.
ഭാരത ജനസംഖ്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്സ് ബാധിതര്‍. 2030 ആകുമ്പോള്‍ 706 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.രോഗം വന്നാല്‍ പരമാവധി പത്തോ പന്ത്രണ്ടോ വര്‍ഷം വരെ മാത്രം ജീവിതം. ഈ ജീവിതം തന്നെ നരകതുല്യം. 65 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് സാധാരണ കണ്ടുവരുന്നതെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവരിലും കണ്ടുവരാറുണ്ട്. മോഹന്‍ലാല്‍ അഭിനയിച്ച് തന്മാത്ര എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ഈ രോഗത്തെയും അതിന്റെ തീവ്രതയേയും മനസിലാക്കിയത്.
ജര്‍മ്മന്‍ മനഃശാസ്ത്രജ്ഞനും ന്യൂറോളജിസ്റ്റുമായ അലിയോസ് അല്‍ഷിമര്‍ 1906 ലാണ് വൈദ്യശാസ്ത്രത്തിന് അതുവരെ അജ്ഞാതമായിരുന്ന ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഈ ഡോക്ടറോടുള്ള ആദരസൂചകമായാണ് രോഗത്തിന് അദ്ദേഹത്തിന്റെ പേര് ശാസ്ത്രലോകം നല്‍കിയത്. തലച്ചോറിലെ നാഡികോശങ്ങള്‍ കാലക്രമേണ ജീര്‍ണ്ണിക്കുന്നു.കൂടാതെ തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണുന്നു. നാഡികോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ വീണ്ടും പുനര്‍ജീവിപ്പിക്കുക സാധ്യമല്ല എന്നതിനാല്‍തന്നെ അല്‍ഷിമേഴ്സിന് ചികിത്സയില്ല. 65 വയസിന് മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് രോഗം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് രോഗബാധിതര്‍ കൂടുതല്‍.
വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുമ്പോളും അടുത്ത കാലത്തായി മനസ്സിലാക്കിയ കാര്യങ്ങള്‍ മറന്നുപോവുന്നതുമാണ് പ്രകടമായ ചില പ്രാഥമിക ലക്ഷണങ്ങള്‍.
പിന്നീട്, കോര്‍ട്ടക്സ് ചുരുങ്ങുന്നതിന്റെ ഫലമായി, ചിന്താശേഷി, ആസൂത്രണം, ഓര്‍മ്മ എന്നിവ നശിക്കുന്നു. വ്യക്തിത്വത്തിലും, പെരുമാറ്റത്തിലുമുള്ള വലിയ മാറ്റങ്ങള്‍ പിന്നീടുള്ള സ്റ്റേജുകളില്‍ കാണാം. രോഗം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ സംശയം, മിഥ്യാധാരണകള്‍, പെട്ടെന്ന് ക്ഷോഭിക്കല്‍, പെട്ടെന്നുണ്ടാകുന്ന വികാരമാറ്റങ്ങള്‍ , ദീര്‍ഘകാലമായുള്ള ഓര്‍മ്മ നശിക്കല്‍ , ഭാഷയുടെ ഉപയോഗത്തില്‍ പിഴകള്‍ സംഭവിക്കുക, സ്ഥലകാലബോധം നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങള്‍ പ്രകടമാവുന്നു. സംവേദനശക്തി കുറയുന്ന രോഗികള്‍ പതുക്കെ അന്തര്‍മുഖരായിത്തീരുന്നു. പതുക്കെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും രോഗിയുടെ അന്ത്യം സംഭവിക്കുകയും ചെയ്യും.
മലയാള കവയിത്രി ബാലാമണിയമ്മ, അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റോണാള്‍ഡ് റെയ്ഗന്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോള്‍ഡ് വില്‍സണ്‍ , 2009-ലെ നോബല്‍ സമ്മാനാര്‍ഹനായ ചാള്‍സ്.കെ. കോ എന്നിവര്‍ ഈ രോഗം ബാധിച്ചവരില്‍ ചിലരാണ്. ഇന്ത്യന്‍ കേന്ദ്ര മന്ത്രി ആയിരുന്ന ജോര്‍ജ് ഫെര്‍ണണ്ടസും ഈ രോഗബാധിതനായിരുന്നു
