ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിന് സ്റ്റേ, ഉത്തരവ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ

കൊച്ചി: ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. സേവ് ലക്ഷദ്വീപ്’ സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച ‘ബയോ വെപ്പൺ’ ആണെന്നായിരുന്നു ഐഷ സുൽത്താന പറഞ്ഞ‌ത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ ഐഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *