കൊച്ചി: ഐടി മേഖലയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും ജീവനക്കാര്‍ക്കു സുരക്ഷിത തൊഴിലിടവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരകേന്ദ്രങ്ങളിലായി ഇന്‍ഫോപാര്‍ക്കു നടത്തിവരുന്ന വാക്സിനേഷന് പദ്ധതിയുടെ രണ്ടാം ഘട്ടം കൊച്ചിയില്‍ ജൂണ്‍ 21 തിങ്കളാഴ്ച നടക്കും. ഇതനുസരിച്ചു സംസ്ഥാനത്തെ ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്ന എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന് വിതരണം ചെയ്യും.
ഒരാഴ്ചയോളം നീണ്ടു നില്ക്കുന്ന ക്യാമ്പിന്റെ ആദ്യ ഘട്ടത്തില്‍ 6000 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ആവശ്യാനുസരണം വാക്സിന് എത്തിക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റല്‍ ഐടി ജീവനക്കാര്‍ക്കു വേണ്ടി മാത്രമായി രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിട്ട് വാങ്ങിയിട്ടുണ്ട്. ആദ്യ ബാച്ചില്‍ 25000 ഡോസുകളാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എത്തിയത്.
കേരളത്തിലെ ഐടി മേഖലയെ അതിവേഗം കോവിഡ് മുക്ത തൊഴിലിടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാക്സിന് വിതരണം. കോവിഡിനെ കാര്യക്ഷമമായി നേരിടുന്ന സംസ്ഥാനമെന്ന നിലയില്‍ ഐടി മേഖലയും തിരിച്ചുവരവിന്റെ പാതയിലാണ്.
ടിസിഎസ് അടക്കമുള്ള വിവിധ കമ്പനികള്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചു നടത്തിയ വാക്സിനേഷന് ക്യാമ്പുകളില്‍ ഇതുവരെ ഇന്‍ഫോപാര്‍ക്കിലെ 8000 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ കമ്പനികള്‍ക്കായി വലിയ വാക്സിനേഷന് ക്യാമ്പാണ് സജ്ജമാകുന്നത്. ഇതോടെ എല്ലാ ഐടി ജീവനക്കാര്‍ക്കും വൈകാതെ വാക്സിന് ലഭ്യമാകും. ട്രാന്‍സ് ഏഷ്യ സൈബര്‍പാര്‍ക്കും വിവിധ കമ്പനികളിലെ 3000 പേര്‍ക്ക് വാക്സിന് സൗകര്യമൊരുക്കി. ഈ വിധത്തില്‍ കമ്പനികള്‍ സ്വാകാര്യ ആശുപത്രികളുമായി സഹകരിച്ച് ജീവനക്കാര്‍ക്ക് വാക്സിന് ഇപ്പോഴും നല്കി വരുകയാണ്.
