സഞ്ജയ് ദേവരാജന്‍

അഞ്ച് സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രഖ്യാപിച്ചു, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നു.
മണിപ്പൂര്‍:
കോണ്‍ഗ്രസ്സും, ബിജെപി മുന്നണിയുമായി ശക്തമായ പോരാട്ടം നടക്കുന്നു. ഇലക്ഷന് പ്രഖ്യാപിച്ച സമയത്ത് ബിജെപി മുന്നണിക്ക് ഉണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ശക്തമായ പോരാട്ടം മണിപ്പൂരില്‍ കാഴ്ച വയ്ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വലിയ ശ്രദ്ധയൊന്നും മണിപ്പൂരിനു നല്ക്കുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം നിലനില്‍പ്പിനായി സ്വയം പോരാടിയെ പറ്റു എന്ന് തിരിച്ചറിഞ്ഞ മണിപ്പൂരിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുന്നു. തമ്മില്‍ അടി നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. മണിപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വലിയ പ്രശ്നങ്ങള്‍ ഇല്ലാത്ത പൂര്‍ത്തിയാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിനം തീരുന്നതുവരെ ഈ ഐക്യം, പോരാട്ടവീര്യവും മണിപ്പൂര്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുകയാണെങ്കില്‍ ഇലക്ഷന് റിസള്‍ട്ടില്‍ നമുക്ക് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം.
ഗോവ:
കഴിഞ്ഞ ഇലക്ഷനില്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് ഗോവയില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞില്ല. കുതിരക്കച്ചവടത്തിലൂടെയും, മനോഹര്‍ പരീക്കര്‍ എന്ന് തന്ത്രശാലിയായ രാഷ്ട്രീയ നേതാവിനെ മുന്നില്‍ നിര്‍ത്തിയും കഴിഞ്ഞ തവണ ബിജെപി ഗോവയുടെ ഭരണം പിടിച്ചു. മനോഹര്‍ പരീക്കര്ടെ മരണ ശേഷം ബിജെപിക്ക് ഗോവയില്‍ അടിപതറുന്നു എന്നാണ് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസരവാദികളായ കോണ്‍ഗ്രസ് നേതാക്കളെ വില കൊടുത്തു വാങ്ങിയ ബിജെപി എന്നാല്‍ ഇപ്പോള്‍ ആ നേതാക്കളുടെ വിലപേശലിലും, കൂറുമാറ്റ ത്തിലും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമുക്ക് കാണാവുന്നത്. ഗോവയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുന്ന ആം ആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും പ്രചരണ രംഗത്ത് അത്രകണ്ട് സജീവമല്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോഴത്തെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. പശ്ചിമബംഗാളില്‍ 2500 കോടിയും കേരളത്തില്‍ 500 കോടിയും ഇലക്ഷനില്‍ നിക്ഷേപിച്ച ബിജെപിക്ക്, ഈ രണ്ട് സംസ്ഥാനങ്ങളിലും കടുത്ത നഷ്ടമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ഗോവയില്‍ ഇലക്ഷന് കഴിഞ്ഞ ശേഷം ജയിച്ചു വരുന്ന എം എല്‍ എമാരെ വിലയ്ക്കെടുക്കാം എന്ന സ്ട്രാറ്റജി ആയിരിക്കാം ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്നത് എന്ന് കരുതാം.
ഉത്തരാഖണ്ഡ്:
ഹരീഷ് റാവത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇവിടെയും ബിജെപിക്ക് തലവേദന മുന്നേ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ നേതാക്കള്‍ തന്നെയാണ്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി വരുന്നവര്‍ക്ക് അവസരങ്ങള്‍ നല്കുന്നതില് ബിജെപിയിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ശക്തമായ അമര്‍ഷമുണ്ട്. കോവിഡ് നെ തുടര്‍ന്നു യോഗങ്ങള്‍ക്കും റാലികള്‍ക്കും , റോഡ് ഷോകള്‍ക്കും ഉള്ള നിയന്ത്രണങ്ങളും വിലക്കുകളും കാരണം ജനക്കൂട്ടത്തിന്റെ മനസ്സ് വായിച്ചെടുക്കാന്‍ രാഷ്ട്രീയ നിരീക്ഷകരും, തിരഞ്ഞെടുപ്പ് സര്‍വേ നയിക്കുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. മുന്‍വിധികളില്ലാതെ ഉള്ള തെരഞ്ഞെടുപ്പ് അതിനാല്‍ തന്നെ ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്.
പഞ്ചാബ് :
കോണ്‍ഗ്രസ് ആണ് പഞ്ചാബ് ഭരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തലതിരിഞ്ഞ നയങ്ങള്‍ കൊണ്ട് പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മുഖ്യമന്ത്രി പദവിക്കായുള്ള തര്‍ക്കം മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയും, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ രൂക്ഷമാണ്. നവജ്യോത് സിങ് സിദ്ദു വിനെ പോലെ സ്ഥിരതയില്ലാത്തെ ഒരു രാഷ്ട്രീയ നേതാവിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആക്കിയത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ അടുത്തകാലത്ത് കാണിച്ച് ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ്. കര്‍ഷക പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ബിജെപി പഞ്ചാബിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ തന്നെ ഇല്ല. ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നത് വഴി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വലിയ രാഷ്ട്രീയ മണ്ടത്തരമാണ് പഞ്ചാബില്‍ കാണിച്ചത്. അകാലിദള്‍ ബിജെപിയുമായി മുന്‍പ് ഉണ്ടാക്കിയ സഖ്യത്തിന്റെ പാപഭാരം ചുമന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആം ആദ്മി പാര്‍ട്ടി ഭരണം നേടുമെന്ന് പല സര്‍വ്വേകളും പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഇലക്ഷനു മുന്നേയും ആം ആദ്മി പാര്‍ട്ടി പഞ്ചാബ് ഭരണം പിടിക്കും എന്ന് എല്ലാ സര്‍വ്വേകളും പറഞ്ഞിരുന്നെങ്കിലും, പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ ഓളം ഉണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആശയവും എടുത്തു പറയാനില്ലാത്ത ആം ആദ്മി പാര്‍ട്ടിക്ക്, രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നില്‍ നില്ക്കുന്ന പഞ്ചാബ് ജനത അംഗീകരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.
ഉത്തര്‍പ്രദേശ്: ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ ശക്തമായ മത്സരമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. പിന്നോക്ക സമുദായ അംഗങ്ങളായ പല മന്ത്രിമാരും ബിജെപിയില്‍നിന്ന് രാജിവെച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് ബിജെപിക്ക് ശക്തമായ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് അമിത് ഷാ യോഗി ആദിത്യനാഥില്‍ നിന്ന് തിരഞ്ഞെടുപ്പിന് ചുമതല ഏറ്റെടുക്കുകയും, മുലായംസിംഗ് യാദവിന്റെ കുടുംബത്തില്‍ നിന്ന് അപര്‍ണ്ണാ യാദവിനെ ബിജെപി പാളയത്തില്‍ എത്തിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ്. വനിതകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നീക്കിവെച്ചും, യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തും നേതാക്കളും അണികളും ഇല്ലാത്ത കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് നയിക്കുകയാണ് പ്രിയങ്ക ചെയ്യുന്നത്. കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന നേതാക്കള്‍ ബി ജെ പി യിലേക്ക് കൂറു മാറാനുള്ള തിരക്കിലുമാണ്. ബി എസ് പി ഇതുവരെയും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ എവിടെയും കാണാനില്ല. മായാവതി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കാന് മടിച്ചു നില്‍ക്കുകയാണ്. ബി എസ് പി നേതാക്കളും, അണികളും സംസ്ഥാനത്തുടനീളം സമാജ്വാദി പാര്‍ട്ടിയിലേക്കും ബിജെപിയിലേക്കും ചേക്കേറുകയാണ്. കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നേ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് പിന്നില്‍ ഉറച്ചു നിന്നിരുന്ന ജാട്ട് – മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുവാന്‍ ലൗ ജിഹാദ് പ്രചരണത്തിലൂടെ യും, വര്‍ഗീയ കലാപങ്ങളിലൂടെയും ബിജെപിക്ക് കഴിഞ്ഞിരുന്നു. യാദവ സമുദായത്തിനു എതിരെ ബാക്കിയുള്ള പിന്നോക്ക വിഭാഗങ്ങളുടെ വികാരം ഏകോപിപ്പിക്കുവാനും ബിജെപിക്ക് കഴിഞ്ഞിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോഴും തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആയ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവം ആയിട്ടില്ല. എതിര് രാഷ്ട്രീയ പാര്‍ട്ടികളെയും രാഷ്ട്രീയ നിരീക്ഷകരുടെയും എല്ലാവിധ നിഗമനങ്ങളെയും കാറ്റില്‍ പറത്തി പുത്തന്‍ ഹിന്ദുത്വ തന്ത്രങ്ങളിലൂടെ വിജയം സ്വന്തമാക്കുന്ന നരേന്ദ്രമോഡി മാജിക്, ഇനി എല്ലാവരും നരേന്ദ്രമോഡിയുടെ പുത്തന്‍ ഹിന്ദുത്വ തന്ത്രങ്ങള്‍ക്ക് ആയുള്ള കാത്തിരിപ്പിലാണ്.
- സഞ്ജയ് ദേവരാജന്‍

 
                                            