തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നലെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ജൂറി എല്ലാ സിനിമകളും കണ്ടതിന് ശേഷമാണ് അവാർഡ് പ്രഖ്യാപനം നടത്തിയതെന്ന് സജി ചെറിയാൻ വ്യക്തമാക്കി .ഇന്ദ്രൻസിന് തെറ്റിദ്ധാരണയുണ്ടായതാകാം ഹോം സിനിമ പരിഗണിക്കാത്തതിന് നിർമ്മാതാവിന്റെ പേരിലുളള കേസ് ഒരു ഘടകമായിട്ടില്ല. ജോജു ജോർജിന് അവാർഡ് കിട്ടിയത് നന്നായി അഭിനയിച്ചതിനാണ്. നന്നായി അഭിനയിച്ചവർക്കല്ലേ അവാർഡ് നൽകാനാകൂ. കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ വേണമെങ്കിൽ അടുത്തതവണ അവാർഡിന് പരിഗണിക്കാം. ഇതിനുവേണ്ടി വേണമെങ്കിൽ പ്രത്യേക ജൂറിയെത്തന്നെ വയ്‌ക്കാമെന്നും മന്ത്രി പരിഹസിച്ചു.’
ഹോം സിനിമയ്ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേർത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാർഡ് നൽകാതിരിക്കാനുളള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു. ഹോമിന് അവാർഡ് ലഭിക്കാത്തതോടെ യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിലടക്കം ഇന്ദ്രൻസിനെ അനുകൂലിച്ചും അവാർഡ് വിതരണത്തെ വിമർശിച്ചും പ്രതികരിച്ചിരുന്നു. ഇതിനാണ് മന്ത്രി മറുപടി നൽകിയത്.
