ക്രൂഡ് ഓയിലിനു വില കുറയാൻ സാധ്യത . ഉൽപ്പാദനം കൂട്ടാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ബാരലിന് ഒരു ഡോളറിന്റെ കുറവ് വന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 67 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്ത്യയ്ക്ക് ഇതുവഴി വലിയ നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രൂഡ് വില കുറഞ്ഞാൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലയും കുറയേണ്ടതാണ്.
അമേരിക്ക മൂന്ന് രാജ്യങ്ങൾക്കെതിരെ ഉയർന്ന താരിഫ് ഇന്ന് മുതൽ നടപ്പാക്കി തുടങ്ങി. കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കെതിരെയാണ് അധിക ചുങ്കം അമേരിക്ക ചുമത്തിയത്. ഈ രണ്ട് തീരുമാനങ്ങളും എണ്ണവില കുറയ്ക്കാൻ വഴിയൊരുക്കും. ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണിത്.
ഏപ്രിൽ മുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം കൂട്ടാം എന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇവർക്ക് നേതൃത്വം നൽകുന്നത് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ്. ഈ ഗ്രൂപ്പിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളും ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇവരിൽ പ്രധാനി റഷ്യയാണ്. ഈ രണ്ട് ഗ്രൂപ്പുകളുടെയും സംയുക്ത യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.
ഇന്നലെ നേരിയ തോതിൽ വില കുറഞ്ഞ പിന്നാലെ ഇന്നും ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറായി കുറഞ്ഞു. യുഎഇയുടെ മർബൺ ക്രൂഡിനും 70 ഡോളറായി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 67 ഡോളറായും വില താഴ്ന്നു. ഒപെക് രാജ്യങ്ങൾ ഉൽപ്പാദനം കൂട്ടരുത് എന്ന് നേരത്തെ വാശി പിടിച്ചിരുന്ന രാജ്യം സൗദി അറേബ്യ ആയിരുന്നു.
വിപണിയിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ക്രൂഡ് ഓയിൽ എത്തിയാൽ വില കുറയുമെന്ന് ഉറപ്പാണ്. മാത്രമല്ല, അമേരിക്കയുടെ താരിഫ് പോര് എണ്ണയുടെ ആവശ്യം കുറയ്ക്കാൻ ഇടയാക്കും. ഇതും വില കുറയാൻ കാരണമാണ്. യുക്രൈന് നൽകുന്ന സൈനിക സഹായം നിർത്താൻ അമേരിക്ക തീരുമാനിച്ചതും ക്രൂഡ് ഓയിൽ വില താഴാൻ വഴിയൊരുക്കും. റഷ്യയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം നീക്കുമെന്നും സൂചനയുണ്ട്.
2022ന് ശേഷം ആദ്യമായിട്ടാണ് ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കൂട്ടുന്നത്. ഏപ്രിൽ മുതൽ ഓരോ ദിവസവും 138000 ബാരൽ ഉൽപ്പാദനമാണ് കൂട്ടുക. ഇത്രയും അധികം എണ്ണ വിപണിയിൽ എത്തുമെന്ന് ചുരുക്കം. ഒപെക് പ്ലസിന്റെ തീരുമാനം വിപണിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണ് എന്ന് എസ്ഇബി ചീഫ് കമ്മോഡിറ്റീസ് അനലിസ്റ്റ് ജർനി ഷിൽഡ്രോപ് പറഞ്ഞു.
കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ന് മുതൽ നടപ്പായി. കാനഡയിൽ നിന്ന് ഇറക്കുന്ന ഊർജ വസ്തുക്കൾക്ക് 10 ശതമാനം താരിഫ് ചുമത്താനും തീരുമാനിച്ചു. ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് 10ൽ നിന്ന് 20 ശതമാനമായിട്ടാണ് താരിഫ് ഉയർത്തിയത്.
ഇതിന് മറുപടിയെന്നോണം അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്താൻ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു. ചൈന 15 ശതമാനമാക്കി താരിഫ് ഉയർത്തി. 25 അമേരിക്കൻ കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ചൈന തീരുമാനിച്ചു.
ക്രൂഡ് വില കുറയുന്ന സാഹചര്യമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഏപ്രിൽ മുതൽ വില ഇനിയും കുറയുമെന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഇന്ത്യയുടെ പണം കൂടുതലായി വിദേശത്തേക്ക് പോകുന്നത് ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെയാണ്. ഇത് കുറയ്ക്കാൻ ഇനി സാധിക്കും. ഇന്ത്യയുടെ വ്യാപാര കമ്മി കുറയാൻ വഴിയൊരുക്കുകയും ചെയ്യും.

 
                                            