സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ആചരിച്ചുവരുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി സാംസ്കാരിക കാര്യ വകുപ്പ് ഗാന്ധി ചലച്ചിത്രമേള ഓൺ ലൈനിൽ സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തി ദിനത്തിൽ പ്രദർശനങ്ങൾക്ക്
തുടക്കമാകും.
ഒക്ടോബർ രണ്ടിന് ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ദ മേക്കിങ് ഓഫ് ദ മഹാത്മാ’, ഒക്ടോബർ മൂന്നിന് റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’, ഒക്ടോബർ നാലിന് ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കൂര്‍മ്മാവതാര’ എന്നിങ്ങനെയാണ് പ്രദർശനം.
മൂന്ന് ദിനങ്ങൾ നീളുന്ന ഓൺലൈൻ മേള സംഘടിപ്പിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും പയ്യന്നൂർ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുമാണ്. സംസ്ഥാനത്തെ സ്‌കൂൾ/ കോളേജുകൾക്ക് പ്രദർശനത്തിന്റെ ലിങ്ക് ലഭ്യമാക്കും. പ്രദർശനത്തിന്റെ ലിങ്കുകളും മറ്റ് വിശദാംശങ്ങളും ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റായ https://www.keralafilm.com , ഓപ്പൺ ഫ്രയിമിന്റെ വെബ്സൈറ്റായ https://openframe.online/ എന്നിവിടങ്ങളിൽ ലഭ്യമാവും.
