അടുത്തിടെ പുറത്തിറങ്ങിയ ഉടൽ എന്ന മലയാള ചിത്രം ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. ഇന്ദ്രൻസും ദുർഗ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം രതീഷ് രഘുനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയെതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ധ്യാനും ദുർഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ദുർഗ കൃഷ്ണ. താനൊരിക്കലും വായുവിൽ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ല. എന്റെ കൂടെ ഒരു മെയിൽ ആർട്ടിസ്റ്റും ഉണ്ടായിരുന്നു. വിമർശനങ്ങൾ എപ്പോഴും തനിക്കാണ് ലഭിക്കാറുള്ളതെന്നും ദുർഗ മുൻപുണ്ടായ ഒരു വിവാദത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു.’സിനിമയ്ക്കുള്ളിൽ നിന്നല്ല പുറത്തു നിന്നാണ് വിമർശനങ്ങളേറെയും വരുന്നത്. ഇത്തരം സീനുകൾ കഥയ്ക്ക് ആവശ്യമാണെന്ന് സിനിമയ്ക്കുള്ളിലുള്ളവർക്ക് അറിയാം. അല്ലാതെ അപ്പോഴത്തെ ഒരു സുഖത്തിന് നമ്മൾ ഡയറക്ടറോട് പോയി ആവശ്യപ്പെടുന്നതല്ല നമുക്ക് ഇങ്ങനെയൊരു സീൻ തരുമോ എന്ന്. അത് സിനിമക്ക് വേണ്ട ഒരു കാര്യമാണ്. സിനിമക്കകത്ത് ഉള്ളവർക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ സിനിമയ്ക്കുള്ളിൽ നിന്ന് വിമർശനം വന്നിട്ടില്ല. ടീസർ ഇറങ്ങിയപ്പോൾ ഇത്തരം രംഗങ്ങൾ സംസാര വിഷയമായെങ്കിലും ഇപ്പോൾ സിനിമയാണ് ചർച്ചാവിഷയം’ – ദുർഗ പറഞ്ഞു.
