ന്യൂഡൽഹി∙ അഗ്നിപഥ് നിലവിൽ വന്നതോടെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് പാസായി കരസേനയിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കായി കാത്തിരുന്ന ഉദ്യോഗാർഥികൾ അനിശ്ചിതത്വത്തിലായി. ഇതു സംബന്ധിച്ച അറിയിപ്പ് സേന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രാജ്യത്ത് അരലക്ഷം ഉദ്യോഗാർഥികളാണ് പ്രവേശന പരീക്ഷയ്ക്കായി കാത്തിരുന്നത്. കേരളത്തിൽനിന്ന് നാലായിരത്തോളം പേർ ഇതിലുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് പാസായ ഇവർ പ്രവേശനപരീക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികകളിലേക്ക് ഇനിയുള്ള പ്രവേശനം അഗ്നിപഥ് വഴി മാത്രമെന്ന അറിയിപ്പെത്തിയത്. ഇതുകാരണം ഇവർക്ക് വീണ്ടും ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾക്കു ഹാജരാകേണ്ടി വരും.
