ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന വിജയ്-ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. രണ്ടുദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. നിമിഷനേരങ്ങൾ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയ ട്രെയിലർ ഇപ്പോഴും ആസ്ഥാനത്ത് തുടരുകയാണ്. ഈ അവസരത്തിൽ ട്രെയിലറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ അനൈത്തുമക്കൾ അരസിയൽ കക്ഷി നേതാവ് രാജേശ്വരി പ്രിയ. വളരെ രൂക്ഷമായ വിമർശനമാണ് രാജേശ്വരി ഉയർത്തുന്നത്.
സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വിധമുള്ള പരാമർശം ലിയോയുടെ ട്രെയിലറിൽ വിജയ് നടത്തിയെന്ന് രാജേശ്വരി പ്രിയ ആരോപിക്കുന്നു. അയോഗ്യനായ സംവിധായകനാണ് ലോകേഷ് കനകരാജ് എന്നും രാജേശ്വരി എക്സിലൂടെ അറിയിച്ചു.
ട്രെയിലറിന്റെ ഒരു മിനിറ്റ് 46 സെക്കൻഡിൽ വിജയ് ഉപയോഗിക്കുന്ന മോശം വാക്ക് സ്ത്രീകളെ അപമാനിക്കും വിധമുള്ളതാണ്. സ്വബോധത്തോടെയാണോ വിജയ് ചിത്രത്തിൽ അഭിനയിച്ചതെന്നും ഇവർ ചോദിക്കുന്നു. തന്റെ പോസ്റ്റിൽ വിജയിയെയും ലോഗേഷ് കനകരാജിനെയും ടാഗ് ചെയ്തിട്ടുമുണ്ട് ഇവർ.
ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നപ്പോൾ തന്നെ ട്രെയിലറിൽ വിജയുടെ കഥാപാത്രം പറയുന്ന തെറി വാക്ക് ചർച്ചയായിരുന്നു. സാധാരണ ഇത്തരം ഡയലോഗുകൾ ഒന്നും വിജയുടെ മുൻപത്തെ ചിത്രങ്ങളിൽ കേട്ടിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ പേരിൽ വിവാദമുണ്ടാക്കി പേരെടുക്കാനാണ് വനിതാ നേതാവിന്റെ ശ്രമമെന്നും വിമർശനമുണ്ട്.
