27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയാണ് പാർട്ടി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കർ, കാബിനറ്റ് മന്ത്രിമാർ എന്നിവരെ ഈ യോഗത്തിൽ തിരഞ്ഞെടുക്കുമെന്നാണു റിപ്പോർട്ട്.
20ന് രാംലീല മൈതാനിയിലാണു സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, വ്യവസായ പ്രമുഖകർ, സിനിമാ താരങ്ങൾ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഡൽഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയായി ഒന്നിലധികം നേതാക്കളുടെ പേര് കേൾക്കുന്നുണ്ട്. എന്നാൽ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ബിജെപി തയാറായിട്ടില്ല. പർവേശ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ്, വിരേന്ദ്ര സച്ച്ദേവ, ആശിശ് സൂദ്, രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണു സജീവം. പവൻ ശർമ, രവീന്ദ്രർ ഇന്ദ്രജ് സിങ്, കൈലാശ് ഗങ്വാൾ, ഹരീഷ് കുർണ എന്നിവരുടെ പേരുകളും നേതൃത്വത്തിനു മുന്നിലുണ്ട്. ഇവരിൽ ആർക്കെങ്കിലുമാണോ നറുക്ക് വീഴുക അതോ പുതിയ മുഖം വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
പർവേശ് ശർമ മുഖ്യമന്ത്രിയാകണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ന്യൂഡൽഹി മണ്ഡലത്തിൽനിന്ന് 4,089 വോട്ടുകൾക്കാണ് അദ്ദേഹം മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പരാജയപ്പെടുത്തിയത്. വനിതാ മുഖ്യമന്ത്രിയെ കൊണ്ടുവരാനും ബിജെപി കേന്ദ്രനേതൃത്വത്തിന് ആലോചനയുണ്ട്. എങ്കിൽ രേഖ ഗുപ്ത, ശിഖ റായ് എന്നിവരിൽ ഒരാൾ ഡൽഹിയെ നയിക്കും.
ഡൽഹി നിയമസഭയിലെ 70 സീറ്റുകളിൽ 48 എണ്ണം നേടിക്കൊണ്ടാണ് ബിജെപി ഈ തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടുള്ളത് . പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു
ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഡൽഹിയിൽ ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനായി പോയതാണ് പ്രഖ്യാപനം വൈകാൻ കാരണം. ഡൽഹിയിൽ മടങ്ങിയെത്തുന്ന മോദി മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കും. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ എം എൽ എമാരെ പാർട്ടിയുടെ തീരുമാനം അറിയിക്കും. പിന്നാലെയാകും പ്രഖ്യാപനം. ഇതിനോടകം ആർ എസ് എസ് നേതൃത്വവുമായി അമിത് ഷായും, രാജ്നാഥ് സിംഗുമടക്കം ചർച്ചകൾ പൂർത്തിയാക്കി. മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പ്രത്യേകം കൂടികാഴ്ചകളും നടത്തി. ജാതി സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും മന്ത്രിസഭയിലും നേതാക്കളുടെ പ്രാതിനിധ്യം. ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് വെല്ലുവിളികളൊന്നുമില്ലെന്നും, നേതൃയോഗം ചേർന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടു. അതേസമയം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും, ഇതുകാരണം ദില്ലിയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നുമുള്ള പ്രചാരണം സജീവമാക്കുകയാണ് ആം ആദ്മി പാർട്ടി.
അതേസമയം പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അധികാരമേറ്റ് ആദ്യ 100 ദിവസത്തിനുള്ളിൽ പുതിയ സർക്കാരിന്റെ മുൻഗണനകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുക, നഗരത്തിലെ ശുചിത്വം ഉറപ്പാക്കുക, വായു മലിനീകരണവും യമുന മലിനീകരണവും പരിഹരിക്കുക എന്നിവ ഉൾപ്പെടും.

 
                                            