റൂമിയുടെ പ്രണയം ആരോട് ?

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ കവിയായിരുന്നു ജലാലുദ്ദീൻ റൂമി . 1207 സെപ്തംബറിൽ അഫ്ഗാനിസ്ഥാനിലെ ബൽഖിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം .

പേർഷ്യൻ ഭാഷയിലായിരുന്നു റൂമിയുടെ കവിതകൾ .
ഷംസ് ഇ ട്രബിസ് , മസ്‌ നവി എന്നീ കൃതികളായിരുന്നു സാഹിത്യ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത് .

തൻ്റെ പ്രീയപ്പെട്ട ഗുരുവും സ്നേഹിതനുമായ ഷംസുദ്ദീൻ്റെ ഓർമ്മയ്ക്ക് സമർപ്പിച്ച അയ്യായിരത്തോളം വരുന്ന ഗീതകങ്ങളായിരുന്നു ഷംസ് ഇ ട്രബീസ് .

സൂഫി സാഹിത്യത്തിലെ സമുന്നത കൃതിയായ മസ്നവി വിശ്വാസത്തിൻ്റെ വേരായ വേരെന്ന് അറിയപ്പെടുന്നു .

ചടുലവും ചലനാത്മകവുമായ ശൈലിയിൽ ജീവിതത്തിൻ്റെ സമഗ്രതയെ പരിലാളിക്കുന്ന അക്ഷരങ്ങൾ അതായിരുന്നു റൂമിയുടെ കവിതകൾ .

ദൈവ പ്രണയത്തിൻ്റെ തീവ്രതയും ആത്മചൈതന്യവും ആ കവിതകളിൽ എന്നും കാണാമായിരുന്നു .

മാനത്തു നിന്നടരുന്ന മഴ മുഴുവൻ കടലിൽ പതിച്ചെന്നിരിക്കാം
അതിലെ ഒരു കണിക പോലും മുത്തായ് മാറുകയില്ല
പ്രണയമില്ലെങ്കിൽ …. എന്ന് എഴുതിയത് റൂമിയാണ് .

എല്ലാ രാജ്യങ്ങളിലെയും കാമുകൻ , എല്ലാ ഭാഷകളിലും ആദരിക്കുന്ന ദാർശനികൻ , സാഹിത്യത്തെ സ്നേഹിക്കുന്ന അക്ഷരങ്ങളെ ആഞ്ഞു പുൽകുന്നവരുടെ എന്നത്തെയും പ്രീയപ്പെട്ടവൻ അങ്ങനെ റൂമിക്ക് വിശേഷണങ്ങൾ ഏറെയാണ് .

അദ്ദേഹം തൻ്റെ വിസ്മൃതി എന്ന കവിതയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു .

ഒരു നഗരത്തിൽ ഏറെക്കാലം വസിച്ചവൻ മേഘപാളിക്കുള്ളിൽ നക്ഷത്രം പോലെ ഒളിഞ്ഞിരിക്കുന്നു . അവിടെ അവൻ നിധിയും നൻമയും ഉള്ള മറ്റൊരു നഗരം സ്വപ്നം കാണും ….

ജീവിതത്തിൻ്റെ ദുഃഖഭൂമിയിൽ സ്നേഹമായി ഉദിച്ച റൂമി എന്ന നക്ഷത്രം 1273 ൽ അസ്തമിച്ചു . ഇപ്പോഴും അദ്ദേഹത്തിൻ്റെ കാവ്യ പൈതൃകത്തിൻ്റെ അവകാശം സ്വന്തമാക്കാനായി രാജ്യങ്ങൾ മത്സരിക്കുകയാണ് .

റൂമിയുടെ പൈതൃകാവകാശം ആരു സ്വന്തമാക്കുമെന്ന് വരും നാളുകളിൽ അറിയാം .

Leave a Reply

Your email address will not be published. Required fields are marked *