ചരിത്രം പ്രതിഭ കൊണ്ടെഴുതുമ്പോള്‍; ഉദാഹരണം ഉണ്ണികൃഷ്ണന്‍

കലയുടെ ഭാഷ ശക്തമാകുമ്പോഴാണ് കലാകാരന്മാര്‍ അനുഗൃഹീതരായി മാറുന്നത്. കല തന്നെ പലരൂപത്തില്‍ അനുഗ്രഹമായി മാറിയ ബഹുമുഖപ്രതിഭകളാകട്ടെ, നിരന്തരം തങ്ങളുടെ പ്രതിഭയെ, സംവദിക്കാനുള്ള മാധ്യമമാക്കി മാറ്റാറുണ്ട്. അത്തരത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഒരു അതുല്യ പ്രതിഭയാണ് എറണാകുളം സ്വദേശിയായ പി. ആര്‍. ഉണ്ണികൃഷ്ണന്‍.

തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഗിന്നസ് റെക്കോര്‍ഡ് അടക്കം മൂന്ന് ലോക റെക്കോര്‍ഡുകള്‍ നേടിയ സംവിധായകനാണ് ചിത്രകാരന്‍, ശില്പി എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ സ്ഥാനം സ്വയം നേടിയെടുത്ത പി. ആര്‍ ഉണ്ണികൃഷ്ണന്‍.
കലാചലച്ചിത്ര രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരികയാണ് ഈ കലാകാരന്‍. ശില്പിയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍തന്നെ, ചിത്രരചനയിലെ പാടവം കൂടി ഭംഗിയായി ആസ്വാദകരിലേക്ക് എത്തിക്കുവാനും ശ്രദ്ധിച്ചിരുന്നു. ചിത്രശില്പ പ്രദര്‍ശനങ്ങളിലൂടെ തനിക്കു പറയാനുള്ള കഥകളൊക്കെയും കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണ് ഉണ്ണികൃഷ്ണന്‍ എന്ന പ്രതിഭ.

ചിത്രങ്ങള്‍, ശില്പങ്ങള്‍
കേവല നിര്‍മിതികള്‍ക്കപ്പുറം ഇടങ്ങളുടെ ചരിത്രമാണ് ഉണ്ണികൃഷ്ണന്റെ സൃഷ്ടികളുടെ ആത്മാവ്. മുസിരിസിന്റെ (കൊടുങ്ങല്ലൂര്‍) കഥ പറഞ്ഞ ശില്പങ്ങളും ചേന്ദമംഗലത്തെ വിഷുക്കാലത്തെ മാറ്റച്ചന്തകള്‍ക്ക് നിറം കൊടുത്ത ചിത്രങ്ങളും നേടിയ ആസ്വാദകശ്രദ്ധ അതിന് അടിവരയിടുന്നു. അറിഞ്ഞ ചരിത്രവും അറിയാന്‍ ബാക്കി വച്ച ചരിത്രവും അതിനു നടുവിലെ അറിയാക്കഥകളും ഒരുപോലെ അറിയേണ്ടതു തന്നെയാണ് എന്നതാണ് ഉണ്ണികൃഷ്ണന്റെ പക്ഷം. ലോകം അറിയാതെ പോയൊരു മുസിരിസ് ചരിത്രത്തിലേക്ക് വെളിച്ചം വീഴ്ത്തുകയാണ് തന്റെ ശില്പങ്ങളിലൂടെ ഉണ്ണികൃഷ്ണന്‍…!

സിനിമ
കരവിരുതിനും കയ്യടക്കത്തിനുമൊപ്പം ചേര്‍ത്ത കലയ്ക്ക് അല്പം കൂടി നിറം കൊടുത്താണ് സിനിമാ രംഗത്തെ തുടക്കം. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ കഥയും തിരക്കഥയും മുതല്‍ സംഭാഷണം, കലാസംവിധാനം, ഛായാഗ്രഹണം മുതലായവ വരെ നിര്‍വഹിച്ചത് ഉണ്ണികൃഷ്ണന്‍ തന്നെയാണ്. 2018ല്‍ റിലീസ് ചെയ്ത ‘ആരാണ് ഞാന്‍’ എന്ന ആ ചിത്രത്തിന് ഗിന്നസ് റെക്കോര്‍ഡ് അടക്കമുള്ള ലോക റെക്കോര്‍ഡുകളാണ് ലഭിച്ചത്.

ഒരു സിനിമയില്‍ ഒരേ അഭിനേതാവ് ഏറ്റവും കൂടുതല്‍ വേഷങ്ങള്‍ (45 കഥാപാത്രങ്ങളെ) അവതരിപ്പിച്ചതിനും സംവിധായകന്‍ എന്ന ബഹുമുഖ പ്രതിഭയെ അംഗീകരിച്ചുകൊണ്ടുമുള്ള റെക്കോര്‍ഡുകള്‍ നേടിയ സിനിമ എന്നതിന് പുറമേ മനുഷ്യന്റെ സാംസ്‌കാരിക പരിണാമചരിത്രത്തെ കുറിച്ച് തന്റേതായ ഒരു ആഖ്യാനം വ്യക്തമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്റെ പ്രതിഭ തെളിയിച്ച ചിത്രം കൂടിയാണ് ആരാണ് ഞാന്‍.

സുറിയാനി ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രധാന കലാരൂപങ്ങളിലൊന്നായ ചവിട്ടുനാടകത്തെ പ്രതിപാദിക്കുന്ന ചരിത്ര ഗവേഷണ ഡോക്യുമെന്ററി ചിത്രമായ കാല്‍പ്പാട് പി. ആര്‍ ഉണ്ണികൃഷ്ണന്റെ ശ്രദ്ധേയമായ മറ്റൊരു സൃഷ്ടിയാണ്.

തന്നില്‍ നിക്ഷിപ്തമായ കലയെ ചരിത്രാന്വേഷണത്തോട് മനോഹരമായി ചേര്‍ത്തു നിര്‍ത്തുന്ന ഒരു അനുഗൃഹീത കലാകാരനാണ് പി. ആര്‍. ഉണ്ണികൃഷ്ണന്‍. കല മുഴക്കമുള്ള ശബ്ദമായി മാറുമ്പോള്‍ ഇന്നലെകളില്‍ പറയാതെ മാറ്റി വച്ച കഥകള്‍ക്ക് സ്വയം മാധ്യമങ്ങള്‍ മെനയുന്ന പ്രതിഭ…!

Leave a Reply

Your email address will not be published. Required fields are marked *