ഇനി അജിത് പവാറിന്റെ ഭാവി എന്ത് ?

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേന നേരിട്ട അതേ പ്രതിസന്ധിയിലൂടെയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളിലൂടെയും തന്നെയാണ് എന്‍സിപി കടന്നു പോവുന്നത്. എല്ലാമെല്ലാമായി കൂടെ നിന്നവന്‍, ആളെക്കൂട്ടി ശത്രുപാളയത്തില്‍ പുതിയ സംബന്ധം പിടിച്ചിരിക്കുന്നു. ഇന്നലെ വരെ തള്ളിപ്പറഞ്ഞവരെ ആലിംഗനം ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അജിത് പവാറും പ്രഫുല്‍ പട്ടേലുമെല്ലാം ചെയ്തത് ഇത്രയും കാലം കൂടെ നടന്നവരെയും ഒപ്പം നിന്ന് മുദ്രാവാക്യം വിളിച്ചവരെയും പല്ലിളിച്ചു കാണിക്കുകയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എല്ലാത്തിലുമുപരി പ്രതിപക്ഷ ഐക്യനിര ഉയര്‍ന്നുവരുന്നതിനിടെയാണ് അജിത് പവറിന്റെ ഈ തുരങ്കം വെപ്പ് എന്നതും ഏറെ ശ്രദ്ധേയമാണ്.

ശിവസേനയില്‍ ഉദ്ധവ് താക്കറെയെ വെട്ടിലാക്കി എക്നാഥ് ഷിന്‍ഡെ പാലം വലിച്ചപ്പോള്‍ തന്നെ അജിത് പവറിന്റെ ഇറങ്ങിപ്പോക്കും രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ബിജെപി ക്യാമ്പിന്റെ മുന്നില്‍ വരെ എത്തിയ അജിത്തിനെ എന്‍സിപി അധ്യക്ഷനും അമ്മാവനുമായ ശരദ് പവാര്‍ ചെവിക്ക് പിടിച്ച് തിരികെ കൂട്ടിവരികയായിരുന്നു. ഏതു സമയത്തും തെളിഞ്ഞ വെള്ളത്തിലേക്ക് ചാടാന്‍ കാത്തിരിക്കുന്ന അജിത്തിന് നേരെ അതുകൊണ്ട് തന്നെ ശരദ് പവാര്‍ ഒരല്‍പ്പം നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിനാല്‍ ആരോഗ്യസംബന്ധമായി പാര്‍ട്ടി തലപ്പത്ത് നിന്ന് മാറിനില്‍ക്കാന്‍ ഉദ്ദേശിച്ചപ്പോഴും പവാര്‍ വിശ്വാസം അര്‍പ്പിച്ചത് മകള്‍ സുപ്രിയ സുലെയിലായിരുന്നു. അനന്തരവന്‍ സ്‌നേഹം മൂത്ത് അജിത്തിനെ പാര്‍ട്ടിയുടെ താക്കോല്‍ ഏല്‍പ്പിച്ചാല്‍ പറ്റാവുന്നത്ര വേഗത്തില്‍ എന്‍സിപിക്ക് അദ്ദേഹം പ്രൈസ് ടാഗ് ഇടുമെന്നും ശരദ് പവറിന് ഉറപ്പുണ്ടായിരുന്നു.

മഹാരാഷ്ട്രയില്‍ അജിത് പവറിനെ ബിജെപിയിലേക്ക് അടുപ്പിച്ചത് അധികാരമോഹമാണെന്നതില്‍ തര്‍ക്കമില്ല. കാലങ്ങളായി കാത്തുകിടന്ന പാര്‍ട്ടിയുടെ അമരത്വം കണ്മുന്നിലൂടെ സുപ്രിയ സുലേക്ക് വച്ചുനീട്ടിയത് കണ്ടപ്പോഴേ അജിത്തിന്റെ ഉള്ളുകലങ്ങിയിരുന്നു. ദേഷ്യവും എതിര്‍പ്പും ഉള്ളില്‍ തന്നെ ഒതുക്കി നിയമസഭ പ്രതിപക്ഷ നേതാവായി വേഷംകെട്ടാന്‍ അജിത് പവാര്‍ ഉറപ്പിച്ചത് ഉചിതമായ സമയത്ത് അധികാരത്തിന് നല്ല വിലയിടാം എന്ന ഉദ്ദേശം കൊണ്ട് തന്നെയാണ്. ദേശീയതലത്തില്‍ പ്രതിപക്ഷ മഹാ ഐക്യം സാധ്യമാകുമ്പോള്‍ അര്‍ഹിച്ച സ്ഥാനം കിട്ടുമെന്ന് അദ്ദേഹം മനക്കോട്ട കെട്ടിയെങ്കിലും അവിടെയും സുപ്രിയയ്ക്കായിരുന്നു ആദ്യ പരിഗണന. ഇതൊക്കെ തന്നെയാണ് അവിയല്‍ പോലെ കുഴഞ്ഞ എക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ രണ്ടാമതൊരു ഉപമുഖ്യമന്ത്രിയായി താഴാന്‍ അജിത്തിനെ തോന്നിപ്പിച്ചതും.

നിലവില്‍ എട്ട് എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി കസേര വിലപേശി വാങ്ങിയ അജിത് പവാര്‍ അറിയിക്കുന്നതനുസരിച്ച് 40 ഓളം എംഎല്‍എമാര്‍ തനിക്കൊപ്പം എത്തുമെന്നാണ്. അത് സാധ്യമായില്ലെങ്കില്‍ കൂടി എന്‍സിപിയില്‍ പിളര്‍പ്പ് നടത്തി സന്തോഷിപ്പിച്ചതിന് സമ്മാനമായി നല്‍കിയ ഉപമുഖ്യമന്ത്രി കസേര ഷിന്‍ഡെ സര്‍ക്കാര്‍ മടക്കിവാങ്ങാന്‍ ഇടയില്ല. അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലം തീരുന്നത്തോടെ അജിത് പവറിന്റെ രാഷ്ട്രീയ ഭാവിയും തുലാസില്‍ കിടന്നാടും.
അതല്ല ശരശയ്യയില്‍ കിടന്നാലും കൊത്തിയ മൂര്‍ഖനെ കൊണ്ടുതന്നെ വിഷമിറക്കിക്കാന്‍ കഴിവുള്ള ശരദ് പവാര്‍ അജിത്തിനൊപ്പം പോയ എംഎല്‍എമാരെ മടക്കി എത്തിച്ചാല്‍ സ്ഥിതിഗതികള്‍ ആകെമൊത്തം മാറും. നിലവില്‍ പ്രതിപക്ഷ ഐക്യത്തില്‍ കല്ലുകടി എന്ന തരത്തില്‍ പ്രചരിക്കുന്ന വാദങ്ങള്‍ക്ക് അതോടെ അവസാനവുമാകും. കാരണം കൂട്ടിമുട്ടിയാല്‍ മിണ്ടാത്ത ശിവസേനയെയും കോണ്‍ഗ്രസിനെയും മഹാ വികാസ് ആഘാധി കൂട്ടുകെട്ടില്‍ ഒന്നിപ്പിച്ച ശരദ് പവറിന് അത് സാധ്യവുമാണ്. അതല്ല, എല്ലാം അജിത് പവറിന് അനുകൂലമായി തന്നെ നീങ്ങിയാല്‍ പ്രതിപക്ഷ നിരയില്‍ എന്‍സിപിയുടെ മേല്‍ ഒരു പരിഹാസത്തിന്റെ നോട്ടം കുറച്ചുകാലത്തേക്കെങ്കിലും നീളും. ചിലപ്പോള്‍ അത് ഉദ്ധവിനെ വട്ടം കറക്കിയപോലെ ശരദ് പവാര്‍, സുപ്രിയ സുലേ എന്നിവരെയും വേട്ടയാടപെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *