കേന്ദ്ര സര്‍ക്കാരിനെ കോര്‍പറേറ്റുമായി ബന്ധപ്പെടുത്തി പറയുന്നയിടതെല്ലാം അദാനി അംബാനി എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇങ്ങ് കേരളത്തില്‍ എത്തുമ്പോള്‍ ഈ സ്ഥാനത്ത് ഊരാളുങ്കല്‍ എന്നായിരിക്കും മുഴങ്ങിക്കേള്‍ക്കുക. സര്‍ക്കാരിന്റെ മിക്ക പദ്ധതികളും കരാര്‍ എടുക്കുന്നത് മുതല്‍ അത് നടപ്പാക്കി പണപ്പിരിവ് നടത്തുന്നതിന്റെ ചുമതലകള്‍ പോലും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. അതുകൊണ്ടുതന്നെ പുതുതായി നടക്കാനിരിക്കുന്ന പദ്ധതികള്‍ മുതല്‍ കടലാസില്‍ മാത്രമായിട്ടുള്ള പദ്ധതികള്‍ വരെ ഊരാളുങ്കല്‍ അറിയാതെയോ അവരുടെ കൈമറിയാതെയോ കടന്നുപോകാറുമില്ല. അത്തരത്തില്‍ സര്‍ക്കാരിന്റെതായി വൈകാതെ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയില്‍ ഊരാളുങ്കലിന്റെ പേര് ചേര്‍ന്നുകണ്ടതാണ് നിലവില്‍ വലിയ ചര്‍ച്ചക്കള്‍ക്ക് വഴിവച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വീടുകള്‍, കെട്ടിടങ്ങള്‍, മറ്റു ആസ്തികള്‍ എല്ലാം തന്നെ ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി മാപ്പിങ് നടത്തി ശേഖരിച്ചു സൂക്ഷിക്കാറുണ്ട്. ഈ മാപ്പിങ്ങില്‍ റോഡുകള്‍, പാലങ്ങള്‍, ജലാശയങ്ങള്‍, ഇടവഴികള്‍, കലുങ്കുകള്‍ തുടങ്ങി എല്ലാത്തിന്റെയും വിവരങ്ങള്‍ ശേഖരിക്കാറുമുണ്ട്. ഇത്തരത്തില്‍ 2016 ല്‍ സര്‍ക്കാര്‍ നല്‍കിയ വിവരശേഖരണത്തില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ കരാറുകാരായ ഊരാളുങ്കലിന് സൗകര്യമൊരുക്കി എന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം. സാധാരണമായുള്ള ജ്യോഗ്രാഫിക് മാപ്പിങ്ങില്‍ ‘സോസിയോളജിക്കല്‍ ഡാറ്റ’ കൂടി വന്നതോടെ അടിമുടി സംശയങ്ങളും ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായകമാവുക എന്നതാണ് ജ്യോഗ്രാഫിക് മാപ്പിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഡിപ്ലോമ യോഗ്യതയുള്ളവരെ വച്ച് പഞ്ചായത്തുകള്‍ സ്വന്തമായി ഈ വിവരങ്ങള്‍ മുമ്പ് തന്നെ ശേഖരിച്ചു വന്നിരുന്നു. എന്നാല്‍ ഇവിടെക്കാണ് ഒരു ഇടനിലക്കാരനായി ഊരാളുങ്കല്‍ കടന്നുവരുന്നത്. മുമ്പ് പഞ്ചായത്തുകള്‍ ശേഖരിച്ച വിവരങ്ങളും പോരായ്മകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പോലും, വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈകളില്‍ ഭദ്രമാണെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇതിനിടയിലേക്ക് ഊരാളുങ്കല്‍ എത്തുന്നത്തോടെ സുതാര്യതയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മാത്രമല്ല ശേഖരിച്ച വിവരങ്ങള്‍ നേരിട്ട് തദ്ദേശ വകുപ്പിന്റെ സോഫ്റ്റ്വെയറിലേക്ക് മാറ്റുമെന്നാണ് ഊരാളുങ്കല്‍ ആദ്യം അറിയിച്ചിരുന്നതെങ്കില്‍, കരാറുകാര്‍ നിര്‍ദ്ദേശിച്ച മറ്റൊരു വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ ലഭിക്കുന്നത് എന്ന പരാതിയും ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.
വ്യക്തിവിവരങ്ങളായ കുടുംബങ്ങളുടെ എണ്ണം, പേര്, വയസ്സ്, വിദ്യാഭ്യാസം, ജോലി, ആരോഗ്യ വിവരങ്ങള്‍ തുടങ്ങി ഏതാണ്ട് 137 വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ചു നിര്‍ണായകമായ ഡാറ്റ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന സ്ഥിതി മുന്‍കൂട്ടി കണ്ടാല്‍ വിവരശേഖരണം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മാത്രമല്ല, 2016 ല്‍ സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതി, 2017 ല്‍ ഊരാളുങ്ങലിലേക്കും 2018 ല്‍ അതില്‍ തിരുത്തലുകളും എത്തുമ്പോള്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഒരുപാടുണ്ട്. അല്ലാത്തപക്ഷം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിശാസ്ത്രത്തിനൊപ്പേം ഓരോ മലയാളിയുടെയും ജാതകവും കരാറുകാരന്റെ പെട്ടിയില്‍ ഇരിക്കും.
