പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് തെലുഗു സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
ആവേശത്തോടെയാണ് താരത്തിന്റെ പ്രഖ്യാപനം ആരാധകർ ഏറ്റെടുത്തത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിജയ് ദേവരകൊണ്ട ആരാധകർക്ക് സമ്മാനങ്ങൾ നൽകുന്നത് ഇതാദ്യമല്ല. ആരാധകർക്കായി വിനോദയാത്രകൾ നടത്തുന്നത് താരത്തിന്റെ പതിവാണ്. മുഴുവൻ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് വിജയ് ദേവരകൊണ്ട അവസാനമായി ആരാധകർക്കായി ഒരുക്കിയത്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത നായികാവേഷത്തിൽ എത്തുന്ന ഖുഷി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സൂപ്പർഹിറ്റായ ‘മഹാനടി’ക്കു ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖുഷി.

 
                                            