കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളെ ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ചയ്ക്ക് വിളിച്ചു. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ നാളെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. . നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചർച്ചനടക്കുന്നത് . കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു.
എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും, കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സർക്കാരിനാകില്ലെന്നും മന്ത്രി പറഞ്ഞു കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ശമ്പളം നല്‍കാനായി 65 കോടി രൂപ അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും ഫയലിൽ ധന വകുപ്പ് ഇതു വരെ തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നൽകാനായത്. ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.
