സംസ്ഥാനത്ത് ഇനി കള്ള് ഷാപ്പ് വിൽപ്പനയും ഓൺലൈൻ വഴിയാകും. സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഈ മാസം 13 വരെയാണ് ഇതിനായി അപേക്ഷിക്കാൻ ആകുക. നേരത്തെ കളക്ടറുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നേരിട്ട് നടന്നിരുന്ന വിൽപ്പനയാണ് സുതാര്യതക്കായി ഓൺലൈൻ വഴിയാക്കുന്നത്.
50 വർഷത്തിലേറെയായി അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ലേലം ചെയ്താണ് വിറ്റിരുന്നത്. ഷാപ്പുകളുടെ ലേലവും നറുക്കെടുപ്പും ഉള്‍പ്പെടെയുള്ള പ്രധാന നടപടികൾ എല്ലാം ഓണ്‍ലൈൻ വഴിയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
മുൻപ് ഇതിനായി വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് ലേലം നടത്തുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വിൽപ്പന ഓൺലൈൻ വഴിയാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സാങ്കേതിക സർവകലാശാലയെ എക്സൈസ് ചുമതലപ്പെടുത്തി.
അബ്കാരികള്‍ തമ്മിൽ ലേലത്തിനായി മത്സരം മുറുകിയതോടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തെറ്റായ പ്രവണതകളിലൂടെയുമൊക്കെ ലേലം തുടങ്ങി. ഇത് ഒട്ടേറെ വിവാദങ്ങൾക്കും വഴിവെച്ചു. 2001ലെ മദ്യനയത്തിൽ ലേലം നിർത്തി കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ നടപടിക്കും കള്ളുഷാപ്പ് ലേലത്തിൽ സുതാര്യത കൊണ്ടുവരാൻ ആയില്ല. ഒടുവിൽ ഓൺലൈനിലൂടെ ലേലം സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പദ്ധതി നടപ്പിലാക്കിയാൽ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും എക്സൈസിലെ സേവനങ്ങളെല്ലാം ഓൺലൈനിലൂടെയാക്കാൻ കഴിയുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ശുപാർശകൾ അംഗീകരിച്ചു.
