ഒരിക്കൽ കൂടി ബാല്യകാലത്തിലേക്ക് പോകാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും.
ഇനി അത് സാധ്യമല്ലെങ്കിലും എല്ലാ കൊച്ചുകൂട്ടുകാർക്കും വീണ്ടുമൊരു ശിശുദിനം കൂടി എത്തി നിൽക്കുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നെഹ്റുവിൻ്റെ തൊപ്പിയും വെള്ള കുർത്തയും പനിനീർപ്പൂവും ചൂടി ഓരോ കുരുന്നുകളും ചാച്ചാജിയാകുന്ന സുദിനം.
ഈ ദിനം ഒരു ആഘോഷം മാത്രമല്ല, കുട്ടികളുടെ ക്ഷേമം, അവകാശങ്ങൾ, അവരുടെ വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു പരിപോഷിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള സുപ്രധാനമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് നവംബർ 14. കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും വാത്സല്യവും നൽകേണ്ടതിന്റെ പ്രധാന്യം ഊന്നിപറഞ്ഞുകൊണ്ടാണ് ഈ വർഷത്തെ ശിശുദിനാചരണം. രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് ശിശുദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാറ്.

 
                                            