ഇത് പ്രതിസന്ധികളില്‍ തളരാതെ നേടിയ വിജയം ; മാറുന്ന വസ്ത്രസങ്കല്പങ്ങള്‍ക്ക് Zein Designs

പ്രതിസന്ധികള്‍ തരണം ചെയ്താണ് എല്ലാവരും വിജയത്തിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായെത്തുന്ന ചില പ്രതിബന്ധങ്ങള്‍ ചിലപ്പോള്‍ തുടക്കത്തില്‍ നമ്മെ പിടിച്ചുലച്ചേക്കാം. എന്നാല്‍ അതിനെ ചെറുത്ത് തോല്‍ക്കാനുള്ള ധൈര്യമുണ്ടായാല്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കേണ്ടിവരില്ല. അങ്ങനെ ഒരിക്കല്‍ സ്വന്തമായി ആരംഭിച്ച സംരംഭം ചില സാഹചര്യങ്ങളാല്‍ അവസാനിപ്പിച്ച് നാളുകള്‍ക്ക് ശേഷം മറ്റൊരു സംരംഭത്തിലൂടെ ലക്ഷ്യം നേടിയ വനിതാ സംരംഭകയാണ് എറണാകുളം സ്വദേശിയായ നിസ മുബാറഖ് എന്ന സൈബുന്നീസ.

ഒരു സംരംഭം ആരംഭിക്കുക എന്നത് നിസയുടെ വലിയ സ്വപ്‌നമായിരുന്നു. അങ്ങനെ ജനസേവന കേന്ദ്രം ആരംഭിച്ച് നല്ല നിലയില്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന സമയത്താണ് രക്താര്‍ബുദ ബാധിതനായ മൂത്ത മകന്റെ രോഗം മൂര്‍ച്ഛിക്കുന്നത്. ഇതോടെ ഒരു സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പിന്നീട് രണ്ട് മാസത്തോളം മകന്റെ ചികിത്സ മാത്രമായിരുന്നു നിസയുടെയും ഭര്‍ത്താവിന്റെയും മനസില്‍. ഡിസ്ചാര്‍ജ് ചെയ്ത് വന്നതിന് ശേഷവും മകനെ ശശ്രൂഷിക്കുന്നതിന് മുന്‍ഗണന നല്‍കിയ സൈബുന്നിസ തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

കുറച്ചുനാളുകള്‍ക്ക് ശേഷം വീട്ടിലെ ‘ബോറടി’ മാറ്റാനായി റീസെല്ലിങ് എന്ന നിലയില്‍ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്തും ഡിസൈന്‍ ചെയ്തും നല്‍കി തുടങ്ങി. ഓര്‍ഡറുകള്‍ തേടി വന്നതോടെ പുതിയ മേഖലയിലേയ്ക്ക് തിരിഞ്ഞ നിസയ്ക്ക് അവിചാരിതമായെത്തിയ കോവിഡ് കാലം വീണ്ടും പ്രതിസന്ധി സമ്മാനിക്കുകയായിരുന്നു.

മറ്റൊരു യൂണിറ്റില്‍ നല്‍കിയാണ് സൈബുന്നിസ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്യിപ്പിച്ചിരുന്നത് എന്നതിനാല്‍ ലോക്ഡൗണ്‍ വന്നതോടെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നു. അതോടെ ഓര്‍ഡറുകള്‍ പെന്റിങ് ആവുകയും ബിസിനസിന്റെ താളം തെറ്റുകയും ചെയ്തു. അങ്ങനെയിരിക്കെ സ്വന്തമായി ഒരു സ്റ്റിച്ചിങ് യൂണിറ്റ് ആരംഭിക്കുന്നതിനെ കുറിച്ച് ഭര്‍ത്താവ് നിസയോട് സംസാരിക്കുകയും ഇരുവരും ചേര്‍ന്ന് പുതിയ ബിനിനസ് ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

അങ്ങനെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, മട്ടാഞ്ചേരിയില്‍ തന്റെ മാതാവിന്റെ പേരില്‍ ‘Zein Designs’ എന്ന സ്റ്റിച്ചിങ് & ഡിസൈനിങ് യൂണിറ്റ് നിസ ആരംഭിക്കുന്നത്. ഒരു സ്റ്റാഫില്‍ ആരംഭിച്ച് ഇന്ന് ആറ് സ്റ്റാഫുകളുമായാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള എല്ലാത്തരം വസ്ത്രങ്ങളും, വിവാഹ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ഡിസൈന്‍ ചെയ്ത് ഹാന്റ് വര്‍ക്കും സ്റ്റിച്ചും ചെയ്ത് നല്‍കും.

വ്യക്തിഗതമായെത്തുന്ന ഓര്‍ഡറുകള്‍ക്കുപുറമെ ഹോള്‍സെയിലായി ഷോപ്പുകളിലേയ്ക്കും വസ്ത്രങ്ങള്‍ സ്റ്റിച്ചു ചെയ്ത് നല്‍കുന്നുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിലേയ്ക്കും ഇതോടൊപ്പം ബഹ്‌റൈനില്‍ ഒരു ഷോപ്പിലേയ്ക്കും ഓര്‍ഡര്‍ അനുസരിച്ച് സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

തന്റെ ബിസിനസിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന നിസ കോട്ടയം, മലപ്പുറം ഭാഗങ്ങളിലേയ്ക്കും Zein Designsന്റെ ബ്രാഞ്ച് ആരംഭിക്കണമെന്ന ആഗ്രഹവുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. കൂടാതെ ഒരു സുഹൃത്ത് വഴി ദുബായിലേയ്ക്ക് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിസയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് മുബാറക്കും മക്കളായ ഫൈസി, ഫൈഹ, ഫായിസ് എന്നിവരും കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *