ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ സിനിമയെ വെല്ലുന്ന രീതിയിൽ ഉത്തർപ്രദേശിൽ എത്തി പ്രതികളെ പിടികൂടി കേരള പോലീസ് കൈയ്യടി നേടിയിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ കേരള പോലീസ് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. മാന്നാർ സ്ക്ക്വാഡ് എന്ന തലക്കെട്ടുമായാണ് പോലീസ് ഫേസ്ബുക്കിൽ ത്രില്ലർ സിനിമകളെ വെല്ലുന്ന രീതിയിലുള്ള സംഭവം പങ്കുവെച്ചിരിക്കുന്നത്.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ഉത്തർപ്രദേശിൽ നിന്നും മാന്നാരെത്തി വൻ കവർച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ ചെന്ന് പിടികൂടുകയായിരുന്നു പോലീസ്.
മാന്നാറിലെ പ്രവാസി വ്യവസായിയുടെയും സമീപത്തെ ഡോക്ടറുടെയും വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും വിലയേറിയ വാച്ചുകളും മോഷ്ടിച്ചതിന് ശേഷം പ്രതികൾ കേരളം വിടുകയായിരുന്നു. മോഷണം നടത്തിയ വീടുകളിലെ സി സി ടിവിയിലെ ഡിവിആർ അടക്കം പ്രതികൾ കൊണ്ടുപോയിരുന്നു.
എന്നാൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പോലീസ് ധൃതിയിൽ കയ്യിൽ കവറുമായി നടന്നു പോകുന്നത് ശ്രദ്ധിച്ചു. എന്നാൽ കുറച്ചു ദൂരെയുള്ള ക്യാമറകളിൽ ഇവർ പെട്ടുമില്ല. ഇങ്ങനെയാണ് സമീപം ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി ആരിഫിലേക്ക് അന്വേഷണം എത്തുന്നത്.
തുടർന്ന് ആരിഫിന്റെ ബന്ധു റിസ്വാൻ സൈഫിലേക്കും കൂട്ടാളിയെ മുഹമ്മദ് സൽമാനിലേക്ക് പോലീസ് എത്തി. മോഷണത്തിനു ശേഷം മുഹമ്മദ് സൽമാൻ ഉത്തർപ്രദേശിലേക്ക് ഹൈദരാബാദിലെയും കടന്നു എന്നാൽ ആരിഫ് ബാർബർ ഷോപ്പിൽ തന്നെ തുടരുകയായിരുന്നു.
കേസിന്റെ അന്വേഷണവുമായി ഡൽഹിയിലെത്തി അന്വേഷണസംഘത്തിന് മുഹമ്മദ് സൽമാൻ ശിവാലകലാൻ എന്ന ഗ്രാമത്തിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ഇവിടെയെത്തിയ പോലീസ് വിശാലമായ ഒരു കരിമീൻ തോട്ടത്തിന് അടുത്തുള്ള ആഡംബര വസതിയിൽ ആണ് പ്രതിയുടെ താമസം എന്ന് കണ്ടെത്തി.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടുകൂടി സൽമാനെ പിന്തുടർന്ന് പിടികൂടാനായി. ഇതേ സമയം മറ്റൊരു സംഘം ഹൈദരാബാദിൽ നിന്ന് റിസ്വാനെയും പിടികൂടി. അറസ്റ്റിലായ മൂന്നുപേരും കോടതി 14 ദിവസത്തെ റിമാൻഡിൽ വിട്ടിട്ടുണ്ട്.

 
                                            