ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിക്ക് ഒരു കൈ നഷ്ടപ്പെട്ടു. തലശേരി ജനറല്‍ ആശുപത്രിയിലെ വന്‍ചികിത്സാ പിഴവാണ് കൈ നഷ്ടം ആവാൻ കാരണമായത് എന്നാരോപിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡില്‍ ഓഫീസര്‍ അന്വേഷണമാരംഭിച്ചു. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശിച്ചത്.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍, ഫുട്‌ബോള്‍ കളിക്കിടെ വീണുപരുക്കേറ്റ് എല്ല് പൊട്ടിയ വിദ്യാര്‍ഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശേരി ചേറ്റംകുന്ന് നാസാക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന അബൂബകര്‍ സിദ്ദീഖിന്റെ മകന്‍ സുല്‍ത്വാനാണ് കൈ നഷ്ടപ്പെട്ടത്. പാലയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് 17 കാരനായ സുല്‍ത്വാന്‍. അപകടം നടന്നു ആശുപത്രിയില്‍ ചികിത്സ തേടിയ മകന് ദിവസങ്ങളോളം ചികിത്സ വൈകിപ്പിച്ചതിനാലാണ് കൈമുറിച്ചു മാറ്റേണ്ടിവന്നതെന്നും രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു.
