തെലങ്കാനയിലെ വാറങ്കലില്‍ 6100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതില്‍ 5,550 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 176 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതിയും കാസിപ്പേട്ടിലെ 500 കോടിയിലധികം രൂപയുടെ റെയില്‍വേ നിര്‍മാണ യൂണിറ്റും ഉള്‍പ്പെടുന്നു. ഭദ്രകാളി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി.
തെലങ്കാന പുതിയ സംസ്ഥാനമാണെങ്കിലും രൂപീകരിക്കപ്പെട്ടിട്ട് വെറും ഒന്‍പത് വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും തെലങ്കാനയുടേയും സംസ്ഥാനത്തെ ജനങ്ങളുടേയും സംഭാവന ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തെലുങ്ക് ജനതയുടെ കഴിവ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ കഴിവിന് പ്രയോജനപ്പെടുന്നതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറ്റുന്നതില്‍ സംസ്ഥാനത്തെ ജനങ്ങള്‍ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയെ കൂടുതല്‍ നിക്ഷേപസൗഹൃദമാക്കുന്നതില്‍ തെലങ്കാനയ്ക്ക് വലിയ പങ്കുണ്ടെന്നും അത് ഇനിയും ഉയരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു. ‘വികസിത ഭാരതത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതീക്ഷകളാണുള്ളത്’ – അദ്ദേഹം പറഞ്ഞു.
ഇന്നത്തെ യുവാക്കളുടെ ഇന്ത്യ ഊര്‍ജത്താല്‍ നിറഞ്ഞിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ ഒരു സുവര്‍ണ കാലഘട്ടത്തിലാണ് നാമിപ്പോള്‍. ഈ കാലഘട്ടം പൂര്‍ണമായി ഉപയോഗിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വളരെ വേഗത്തിലുള്ള വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഒരു ഭാഗവും പിന്നിലാകരുതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 9 വര്‍ഷമായി തെലങ്കാനയുടെ അടിസ്ഥാന സൗകര്യങ്ങളും സമ്പര്‍ക്കസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലെ പ്രത്യേക ശ്രദ്ധയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. 6000 കോടി രൂപയുടെ പദ്ധതികളുടെ കാര്യത്തില്‍ അദ്ദേഹം തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കാലഹരണപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അതിവേഗ വികസനം അസാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോശം കണക്റ്റിവിറ്റിയും ചെലവേറിയ ലോജിസ്റ്റിക്‌സും വ്യവസായ പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഗവണ്‍മെന്റിന്റെ വികസനത്തിന്റെ വേഗത്തിലും വ്യാപ്തിയിലും പലമടങ്ങ് വര്‍ധന ഉണ്ടായിട്ടുണ്ടെന്നും എടുത്തുപറഞ്ഞു. ഇതിന് ഉദാഹരണമായി ഹൈവേകളും അതിവേഗ പാതകളും സാമ്പത്തിക ഇടനാഴികളും ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി രണ്ടുവരി – നാലുവരി പാതകള്‍ യഥാക്രമം നാലുവരി – ആറുവരി പാതകളായി മാറുന്നുവെന്നും പറഞ്ഞു.
തെലങ്കാനയിലെ ഹൈവേകളുടെ വളര്‍ച്ച 2500 കിലോമീറ്ററില്‍ നിന്നും ഇരട്ടിയായി വര്‍ധിച്ച് 5000 കിലോമീറ്ററിലെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം 2500 കിലോമീറ്ററിന്റെ നിര്‍മാണം പുരോഗമിക്കുകയുമാണ്. ഭാരത്മാല പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരിക്കുന്ന ഡസന്‍ കണക്കിന് ഇടനാഴികള്‍ തെലങ്കാനയിലൂടെ കടന്നുപോകുന്നുണ്ടെന്നു് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് – ഇന്‍ഡോര്‍ സാമ്പത്തിക ഇടനാഴി, ചെന്നൈ – സൂറത്ത് സാമ്പത്തിക ഇടനാഴി, ഹൈദരാബാദ് – പനാജി സാമ്പത്തിക ഇടനാഴി, ഹൈദരാബാദ് – വിശാഖപട്ടണം ഇന്റര്‍ കോറിഡോര്‍ എന്നിവയും അദ്ദേഹം ഉദാഹരിച്ചു. ചുറ്റുമുള്ള സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും അതോടൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി തെലങ്കാന മാറുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തറക്കല്ലിട്ട നാഗ്പുര്‍ – വിജയവാഡ ഇടനാഴിയിലെ മഞ്ചേരിയല്‍ – വാറങ്കല്‍ ഭാഗത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇതിലൂടെ തെലങ്കാനയ്ക്ക് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുമായി ആധുനിക കണക്റ്റിവിറ്റി നല്‍കുമെന്നും മഞ്ചേരിയലില്‍നിന്നും വാറങ്കലിനുമിടയിലുള്ള ദൂരം കുറയ്ക്കുമെന്നും അത് മേഖലയിലെ ഗതാഗക്കുരുക്ക് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖല വളരെക്കാലമായി അവഗണിക്കപ്പെട്ടുകിടക്കുന്ന നിരവധി ഗിരിവര്‍ഗ സമൂഹങ്ങളുടെ ആവാസകേന്ദ്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഇടനാഴി സംസ്ഥാനത്തെ ബഹുതല സമ്പര്‍ക്കസൗകര്യത്തിനായുള്ള കാഴ്ചപ്പാടൊരുക്കുമെന്നും കരിംനഗര്‍-വാറങ്കല്‍ ഭാഗത്തിന്റെ നാലുവരിപ്പാത ഹൈദരാബാദ്-വാറങ്കല്‍ വ്യാവസായിക ഇടനാഴി, കാകതീയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്ക്, വാറങ്കല്‍ പ്രത്യേക സാമ്പത്തിക മേഖല എന്നിവയിലേക്കുള്ള സമ്പര്‍ക്കസൗകര്യം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വര്‍ധിച്ചുവരുന്ന മെച്ചപ്പെട്ട സമ്പര്‍ക്കസൗകര്യങ്ങള്‍ തെലങ്കാനയിലെ പൈതൃക കേന്ദ്രങ്ങളിലേക്കും വിശ്വാസകേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഇപ്പോള്‍ കൂടുതല്‍ സൗകര്യപ്രദമാക്കി മാറ്റിയിരിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ വര്‍ധിച്ച സമ്പര്‍ക്കസൗകര്യങ്ങള്‍ സംസ്ഥാനത്തിന്റെ വ്യവസായത്തിനും വിനോദസഞ്ചാരത്തിനും നേരിട്ട് പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരിംനഗറിലെ കാര്‍ഷിക വ്യവസായത്തെയും ഗ്രാനൈറ്റ് വ്യവസായത്തെയും കുറിച്ച് പരമാര്‍ശിച്ച പ്രധാനമന്ത്രി, ഗവണ്മെന്റ് അവരെ നേരിട്ട് സഹായിക്കുന്നുവെന്നും പറഞ്ഞു. ‘കര്‍ഷകരോ തൊഴിലാളികളോ വിദ്യാര്‍ത്ഥികളോ പ്രൊഫഷണലുകളോ ആരുമാകട്ടെ, എല്ലാവര്‍ക്കും ഗുണം ലഭിക്കുന്നു. യുവാക്കള്‍ക്ക് അവരുടെ വീടിനടുത്ത് പുതിയ തൊഴിലുകളും സ്വയം തൊഴില്‍ അവസരങ്ങളും ലഭിക്കുകയാണ്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേക്ക് ഇന്‍ ഇന്ത്യ യജ്ഞത്തെക്കുറിച്ചും ഉല്‍പ്പാദന മേഖല രാജ്യത്തെ യുവാക്കള്‍ക്ക് എങ്ങനെ വലിയ തൊഴില്‍ സ്രോതസ്സായി മാറുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഎല്‍ഐ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ‘കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ഗവണ്മെന്റില്‍ നിന്ന് പ്രത്യേക സഹായം ലഭിക്കുന്നു’, ഈ പദ്ധതിക്ക് കീഴില്‍ തെലങ്കാനയില്‍ നടപ്പിലാക്കുന്ന 50-ലധികം വലിയ പദ്ധതികളെക്കുറിച്ചു സൂചിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ കയറ്റുമതിയില്‍ ഈ വര്‍ഷം ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 9 വര്‍ഷം മുമ്പ് 1000 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇന്ന് 16,000 കോടി രൂപ കടന്നതായി അദ്ദേഹം അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദനമേഖലയില്‍ ഇന്ത്യന്‍ റെയില്‍വേ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന, റെയില്‍വേ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന, വന്ദേ ഭാരത് ട്രെയിനുകളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആയിരക്കണക്കിന് അത്യാധുനിക കോച്ചുകളാണ് ഇന്ത്യന്‍ റെയില്‍വേ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തറക്കല്ലിട്ട കാസിപ്പേട്ടിലെ റെയില്‍വേ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യന്‍ റെയില്‍വേയുടെ പുനരുജ്ജീവനമാണെന്നും കാസിപ്പേട്ട് മേക്ക് ഇന്‍ ഇന്ത്യയുടെ പുതിയ ഊര്‍ജ്ജത്തിന്റെ ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഓരോ കുടുംബത്തിനും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ ഈ മന്ത്രം ഏറ്റെടുത്ത് തെലങ്കാനയെ മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘ഇതാണ് ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ – പ്രധാനമന്ത്രി ഉപസംഹരിച്ചു.
തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി ജി കിഷന്‍ റെഡ്ഡി, പാര്‍ലമെന്റ് അംഗം സഞ്ജയ് ബന്ദി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
