പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. വിധവ ആയത് കൊണ്ടും ഗോത്രവർഗക്കാരി ആയതിനാലുമാണ് രാഷ്ട്രപതിയെ സർക്കാർ ക്ഷണിക്കാതിരുന്നതെന്നും ഇതാണ് സനാതന ധർമ്മം എന്നും ഉദയനിധി പറഞ്ഞു.
ആരാണ് നമ്മുടെ പ്രഥമ പൗരൻ,രാഷ്ട്രപതി. അവരുടെ പേര് ദ്രൗപതി മുർമു എന്നാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അവരെ ക്ഷണിച്ചിരുന്നില്ല. അവർക്ക് തമിഴ്‌നാട്ടിൽ നിന്ന് അദീനങ്ങൾ ഉദ്ഘാടനത്തിന് ലഭിച്ചു, പക്ഷേ വിധവയായതിനാലും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായതിനാലും ഇന്ത്യൻ രാഷ്ട്രപതിയെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ചില ഹിന്ദി നടിമാരെ ക്ഷണിക്കുകയും ചെയ്തു. ഇതാണോ സനാതന ധർമ്മം? ഞങ്ങൾ അതിനെതിരെ ശബ്ദമുയർത്തുന്നത് തുടരുകതന്നെ ചെയ്യും’, ഉദയനിധി പറഞ്ഞു. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിക്കാത്തത് ജാതിവിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് മുൻപും ഉദയനിധി വിമർശിച്ചിട്ടുണ്ട്.
നേരത്തേ സനാതന ധർമ്മത്തിനെതിരെ ഉദയനിധി പറഞ്ഞ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഡെങ്കിപ്പനി, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. ഇതിനെതിരെ ബി ജെ പിയും സംഘപരിവാർ കേന്ദ്രങ്ങളും ഉദയനിധിക്കെതിരെ ഭീഷണി ഉയർത്തിരുന്നു. ഇതിനിടയിലാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പരാമർശം.
അതിനിടെ ദ്രൗപതി മുർമുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതൊരു ഗംഭീരമായ മന്ദിരമാണ്, എന്നാൽ ഈ ചടങ്ങിൽ രാഷ്ട്രപതിയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.’ഇന്ത്യയുടെ രാഷ്ട്രപതി ഒരു സ്ത്രീയാണ്, അവർ ആദിവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റത്തിൽ അവർ ഉണ്ടാകുന്നത് ഉചിതമായേനെ’, എന്നായിരുന്നു രാഹുൽ പറഞ്ഞത്. രാജ്യത്തെ പരമോന്നത പദവിയിലായിരുന്നിട്ടും പുതിയ പാർലമെന്റ് മന്ദിരവുമായി ബന്ധപ്പെട്ട ഉദ്ഘാടനത്തിന് മുർമുവിനെ ക്ഷണിച്ചില്ലെന്ന് ജെ എം എമ്മും കുറ്റപ്പെടുത്തി.
അതേസമയം ഇന്നായിരുന്നു പാർലമെന്റിന്റെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയത്. ആദ്യ ബില്ലായി സർക്കാർ വനിത സംവരണ ബിൽ പാസാക്കുകയും ചെയ്തു.
