പദ്മരാജൻ സിനിമകൾ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു . ഒരു ഫിലിം മേക്കർ എന്നതിലുപരി നല്ലൊരു എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം .
സിനിമയിൽ പദ്മരാജൻ നടന്ന വഴിയിലൂടെ ഇക്കാലം കഴിഞ്ഞിട്ടും വേറെയാരും നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം .
പത്മരാജൻ ജീവൻ കൊടുത്ത കഥാപാത്രങ്ങളും അഭിനേതാക്കളും ഇന്നും ആ ക്ഷേത്ര ഗോപുരത്തിന് മുന്നിൽ തൊഴു കൈയ്യോടെ നിൽക്കുകയാണ്.
കഥാപാത്രങ്ങളുടെ സംവേദന ക്ഷമതയെ ബഹുദൂരം ഫ്രെയിമുകളിലൂടെ ഒരു മഴ ചാറ്റൽ പോലെ ചന്നം പിന്നം വരച്ചിടുകയും അതിലേക്ക് മിന്നൽ പിണർ കണക്കെ പലതും കടത്തി വിട്ടു ഒരു മഹാ സിനിമയെ ഉണർത്തി എടുക്കുകയും ചെയ്യുന്ന പത്മരാജൻ യഥാർത്ഥത്തിൽ ഒരു മാന്ത്രിക സ്പർശം കൂടിയാണ്.
പത്മരാജൻ ജീവൻ കൊടുത്ത
വാണിയൻ കുഞ്ചുവും , കള്ളൻ പവിത്രനും , ഭാസിയും , സോഫിയും , കവലയും , ജയകൃഷ്ണനും , സലോമിയും ഇന്നും മരണമില്ലാതെ അങ്ങനെ നിൽക്കുന്നു .
പദ്മരാജൻ പകർന്ന അഭിനയ പാഠങ്ങൾ ജയറാമിനും , ജഗതിക്കും , നെടുമുടിക്കും , ശാരിക്കും , സുമല തക്കും നൽകിയ കരുത്തിനും പകരം വെയ്ക്കാൻ മറ്റൊന്നില്ല .
പുതിയ തലമുറ പറയാൻ മടിക്കുന്ന കാര്യങ്ങളായിരുന്നു തൻ്റെ സിനിമകളിലുടെ അദ്ദേഹം സംസാരിച്ചത് . അത്രയും വിപ്ലവകരമായ പ്രമേയങ്ങളായിരുന്നു അവ . ബോക്സ് ഓഫീസിൽ വിജയം തീർക്കാൻ വേണ്ടി ഒരിക്കലും തന്റെ കഥകളിൽ മസാല ചേർക്കാൻ പദ്മരാജൻ ഒരുക്കമായിരുന്നില്ല . തൻ്റെ സിനിമക്ക് അത് ആവശ്യമില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വാദം .
തൻ്റെ കഥാപാത്രത്തിന് മെലിഞ്ഞ രൂപമാണ് ആവശ്യമെങ്കിൽ മറ്റൊരു പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ആ വ്യക്തിയെ വെച്ച് പടമെടുക്കാൻ പദ്മരാജൻ ധൈര്യപ്പെട്ടിരുന്നു . മൂന്നാംപക്കം എന്ന സിനിമ തന്നെ ഉദാഹരണം . അഭിനേതാവ് സത്യസന്ധമായി കഥയെ പിന്തുടരണം അത് അവതരിപ്പിക്കണം എന്നതു മാത്രമായിരുന്നു നിബന്ധന .
കൂടെവിടെ , നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ , തൂവാന തുമ്പികൾ എന്നീ പദ്മരാജൻ ചിത്രങ്ങൾ ബോക്സ് ഓഫീസിലല്ല മറിച്ച് പ്രേക്ഷക ഹൃദയങ്ങളിലാണ് സ്ഥാനം ഉറപ്പിച്ചിരുന്നതെന്ന് കാലങ്ങൾ തിരികെടുത്താതെ കാണിച്ചു തരുന്നതിന് കാരണവും കഥാപാത്രങ്ങളെ മുൻ കൂട്ടി കാണാനും അവരെ അതേ പോലെ മുമ്പോട്ട് കൈ പിടിച്ച് നടത്താനുമുള്ള പദ്മരാജൻ്റെ പ്രാഗൽഭ്യം തന്നെ എന്ന് നിസംശയം പറയാം .
