നിറഞ്ഞ സദസ്സുകളിൽ കയ്യടി നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. കണ്ടുപഴകിയ പോലീസ് കഥകളിൽ നിന്നും വ്യത്യസ്തമായി കണ്ണൂർ സ്‌ക്വാഡ് ഒരുപറ്റം പോലീസുകാരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സത്യസന്ധമായ കഥയാണ് പറയുന്നത്.
മറ്റു ഭാഷകളിലും മലയാളത്തിലും ഇത്തരത്തിലുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അന്വേഷണ വഴിയിലെ ത്രില്ലിംഗ് നഷ്ടപ്പെടാതെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതാവസ്ഥകൾ കൂടി ചിത്രീകരിച്ച് കണ്ണൂർ സ്‌ക്വാഡ് വ്യത്യസ്തമാക്കുന്നത്.
അന്വേഷണത്തോടൊപ്പം പോലീസുകാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും പോലീസിനുള്ള രാഷ്ട്രീയവും എല്ലാം പ്രമേയമാകുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.
2007 മുതൽ 2017വരെ അനവധി ക്രിമിനൽ കേസിലെ പ്രതികളെ അതിസാഹസികമായി പിടികൂടിയ പോലീസ് അന്വേഷണസംഘമാണ് കണ്ണൂർ സ്കോഡ്. അഡീഷണൽ സബ് ഇൻസ്പെക്ടർ ബേബി ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി. വിനോദ് കുമാർ, കെ. മനോജ് കുമാർ, റാഫി മുഹമ്മദ്, സി.കെ. രാജശേഖരൻ, സി. സുനിൽകുമാർ, റെജി സ്കറിയ, കെ. ജയരാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
2013 ആഗസ്റ്റ് നാലിന് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ വ്യവസായി അബ്ദുൽസലാം ഹാജിയെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകൾ കൊലപ്പെടുത്തുന്നു. വീട്ടിൽ ഉണ്ടായിരുന്നവരെ മുഴുവൻ കെട്ടിയിട്ടിട്ടാണ് കൊലപാതകം നടത്തുന്നത്. വീട് കൊള്ളയടിക്കുകയായിരുന്നു ആക്രമി സംഘത്തിന്റെ ഉദ്ദേശം.
സിസിടിവിയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിട്ടും അവയെല്ലാം പ്രവർത്തനരഹിതമാക്കിയാണ് ആക്രമികൾ കൊള്ളയും കൊലയും നടത്തിയത്. നദികളിൽ ഒരാൾ അവശേഷിപ്പിച്ച ഡിഎൻഎ സാമ്പിൾ ആണ് പിന്നീട് കേസിന്റെ തുമ്പായത്. തുടർന്ന് അതിസാഹസികമായി 6000 കിലോമീറ്റർ താണ്ടി കണ്ണൂർ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് നദികൾ വലയിലാവുന്നത്.
ഈ സംഭവമാണ് സിനിമയ്ക്ക് പ്രചോദനമായതെങ്കിലും അനേകം മാറ്റങ്ങളോടെയാണ് കണ്ണൂർ കോഡ് ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനായ റോബി വർഗീസ് രാജ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അണിയറ പ്രവർത്തകരും കണ്ണൂർ സ്‌ക്വാഡിലെ 9 പേരും അവരുടെ കുടുംബാംഗങ്ങളുമൊത്ത് ചിത്രം കണ്ടിരുന്നു. ചിത്രം യഥാർത്ഥ സംഭവങ്ങളുമായി നീതി പുലർത്തിയെന്നു കണ്ണൂർ സ്കോഡ് അന്വേഷണ സംഘത്തെ നയിച്ചിരുന്ന ബേബി ജോർജ് പറഞ്ഞു.
