ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി നേതാവ് രേഖ ഗുപ്ത. രാംലീല മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്. ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
പർവേശ് വെർമ, മഞ്ചിന്ദർ സിംഗ് സിർസ, കപിൽ മിശ്ര, ആശിഷ് സൂദ്, പങ്കജ് കുമാർ സിംഗ്, രവീന്ദർ ഇന്ദ്രജ് സിംഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള എൻഡിഎയിലെ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മർലേന എന്നിവരായിരുന്നു ഡൽഹിയെ മുൻപ് നയിച്ച വനിതകൾ.ഡൽഹിയിലെ ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നാണ് രേഖ ഗുപ്ത വിജയിച്ചത്. ആം ആദ്മിയുടെ ബന്ദന കുമാരിയെ 29,000ത്തോളം വോട്ടുകൾക്കായിരുന്നു രേഖ ഗുപ്ത പരാജയപ്പെടുത്തിയത്.
27 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഡൽഹിയിൽ ഭരണത്തിലേറുന്നത്. തുടക്കത്തിൽ പർവേശ് ശർമ പോലുള്ള നേതാക്കളുടെ പേരുകളാണ് ചർച്ചകളിൽ ഇടംപിടിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രേഖയുടെ പേര് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

 
                                            