മരണം എന്ന് പറയുന്നത് ഒരു അനിശ്ചിതവസ്ഥയാണ്. എന്താണ് മരിക്കുമ്പോൾ സംഭവിക്കുന്നത്. അല്ലെങ്കിൽ മരണശേഷം എന്ത്. ഇതൊന്നും കണ്ടുപിടിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. മരണത്തെക്കുറിച്ച് പലരും പറയുന്നത് പല അഭിപ്രായങ്ങളാണ്. യഥാർത്ഥത്തിൽ മരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് പറയാൻ മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല. ഒരു വ്യക്തിയുടെ മരണത്തിന് തൊട്ടുമുൻപ് സ്വന്തം ജീവിതത്തിലെ പല ഓർമ്മകളും മിന്നിമറിയുമെന്ന് പരക്കെ വിശ്വസിക്കാറുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ നടക്കുന്നുണ്ടോ. ഇതൊരു സാഹിത്യ ഭാവന മാത്രമാണെന്നാണ് അടുത്ത കാലം വരെ ഗവേഷകർ കരുതിയിരുന്നത്. എന്നാൽ മരണസമയത്ത് യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിക്കുന്നുണ്ടാകാമെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ഒരു വിഭാഗം ഗവേഷകരിപ്പോൾ.
അപസ്മാരം പിടിപെട്ട ഒരു 87 കാരന്റെ മസ്തിഷ്ക തരംഗങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ ഇപ്പോൾ ഈ കണ്ടെത്തലിലേക്ക് എത്തിയിട്ടുള്ളത്. പരിശോധനയ്ക്കിടെ ഇദ്ദേഹത്തിന് ഹൃദയഘാതം ഉണ്ടായിരുന്നു. ഇതോടെ മരണസമയത്ത് മസ്തിഷ്കത്തിലൂടെ സഞ്ചരിക്കുന്ന സിഗ്നലുകൾ എന്തെല്ലാമാണെന്ന് കണ്ടെത്താൻ ഗവേഷകർക്ക് അവസരമൊരുങ്ങി.

മരണകാരണമായ ഹൃദയാഘാതത്തിന് 30 സെക്കൻഡ് മുൻപും ശേഷവും ഇയാളുടെ മസ്തിഷ്കത്തിൽ ഉണ്ടായ തരംഗങ്ങൾ സ്വപ്നം കാണുകയോ പഴയ കാര്യങ്ങൾ ഓർത്തെടുക്കുകയും ചെയ്യുന്നതിന് സമാനമായിരുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. അവസാനനിമിഷം ഇയാളുടെ തലച്ചോറിൽ ജീവിതം വീണ്ടും ഓർത്തെടുക്കുന്ന പ്രക്രിയയാണ് നടന്നതെന്ന് ഗവേഷകർ കരുതുന്നു. ഫ്രണ്ടിയേഴ്സ് ഇൻ ഏജിങ് ന്യൂറോ സയൻസ് എന്ന ജേണലിലാണ് ഇതേക്കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് മരണസമയത്ത് തലച്ചോറിലെ സിഗ്നലുകൾ റെക്കോർഡ് ചെയ്യാൻ കഴിയുന്നതെന്നാണ് പഠനത്തിന് നേതൃത്വം നയിച്ച കാനഡയിലെ ബാങ്കുവാറിലെ ഡോക്ടർ അജ്മൽ സെമ്മാർ പറയുന്നത്. തങ്ങൾക്ക് വളരെ യാദൃശ്ചികമായാണ് ഈ വിവരങ്ങൾ കിട്ടിയതെന്നും ഈ സിഗ്നലുകളെ പറ്റി പഠിക്കണം എന്ന ലക്ഷ്യം ഇല്ലായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

മരണസമയത്ത് പ്രിയപ്പെട്ടവരെയും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും ഓർമ്മയിലേക്ക് ഓടിയെത്തുമോ എന്നതാണ് യഥാർത്ഥ ചോദ്യം എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ തങ്ങൾക്ക് ഇപ്പോഴും സാധിക്കില്ല എന്നാണ് ഗവേഷകരുടെ പക്ഷം. തത്വചിന്താപരമായി പറഞ്ഞാൽ തലച്ചോർ വീണ്ടും പഴയ കാര്യങ്ങൾ ഓർത്തെടുത്താൽ മോശം കാര്യങ്ങളെക്കാൾ നല്ല കാര്യങ്ങളാണ് ഓർമ്മയിലേക്ക് എത്തുക എന്നും അദ്ദേഹം പറയുന്നു. തലച്ചോറിലേക്ക് ഹൃദയം രക്തം പമ്പ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് 30 സെക്കൻഡ് മുൻപാണ് തലച്ചോറിൽ ഈ പ്രതിഭാസം ആരംഭിച്ചത് എന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയം രക്തം പമ്പ് ചെയ്യുന്നത് അവസാനിപ്പിച്ച 30 സെക്കൻഡിനു ശേഷവും ഈ തരംഗങ്ങൾ തുടർന്ന് അദ്ദേഹം പറയുന്നു. ഈ സമയത്താണ് രോഗി മരിച്ചതായി കണക്കാക്കുന്നത്.
ഹൃദയസ്തംഭനം ഉണ്ടാകുമ്പോഴാണ് തലച്ചോറിന്റെ പ്രവർത്തനം അവസാനിക്കുമ്പോഴാണോ യഥാർത്ഥത്തിൽ ഒരു വ്യക്തി മരിക്കുന്നത് എന്ന് മറ്റൊരു സുപ്രധാന ചോദ്യവും പഠനങ്ങൾ ഉയർത്തുന്നുണ്ട്.
2016 ലാണ് മരണസമയത്തെ തലച്ചോറിന്റെ പ്രവർത്തനം ഒരു സംഘം റെക്കോർഡ് ചെയ്യുന്നത് എന്നാൽ ഒരാളുടെ ശരീരത്തിൽ നിന്ന് ലഭിച്ച സൂചനകൾ കൊണ്ട് മാത്രം ഇത് തീരുമാനിക്കുന്നത് അത്ര എളുപ്പമുള്ളതല്ല. വർഷങ്ങളോളം കാത്തിരുന്നിട്ടും സമാനമായ ഫലം ലഭിക്കാതെ വന്നതോടെ മാത്രമാണ് ഈ പഠനം പ്രസിദ്ധീകരിച്ചത് എന്നും പറയുന്നു.
അതേസമയം 2013ൽ എലികളുടെ ശരീരത്തിൽ നടത്തിയ പരീക്ഷണങ്ങളിലും സമ്മാനമായ ഫലം ലഭിച്ചിരുന്നു എലികളിൽ മരണം നടന്ന് അടുത്ത 30 സെക്കൻഡ് വരെ തലച്ചോറിൽ കൂടിയ അളവിൽ തരംഗങ്ങൾ ഉണ്ടാകുന്നു എന്നാണ് കണ്ടെത്തിയത് ഈ രണ്ട് പഠനങ്ങളും തമ്മിലുള്ള സാമ്യം ഞെട്ടിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.
