വധു ഒളിച്ചോടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കേട്ടുകാണും. എന്നാല്‍ വരന്‍ ഓടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ സംഭവങ്ങളെക്കുറിച്ച് അങ്ങനെ കേട്ടുകാണാന്‍ സാധ്യതയില്ല. ഇനി പറയാന്‍ പോകുന്നത് അത്തരം ഒരു സംഭവത്തെക്കുറിച്ചാണ്. അപ്രതീക്ഷിതമായ നടന്ന സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ ഞെട്ടി. എന്നാല്‍ അവസാനമാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടാവുന്നത്.
സംഭവം നടന്നത് മധ്യപ്രദേശിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മസൂരിഹ ഗ്രാമത്തിലെ യുവാവിന്റെ വിവാഹം ഡോള്‍ കോതാര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായാണ് നിശ്ചയിച്ചിരുന്നത്. തിലകോത്സവം മുതല്‍ എല്ലാ വിവാഹ ചടങ്ങുകളും ആഡംബരത്തോടെയും ആയിരുന്നു നടന്നത്. വിവാഹത്തിന് വരന് ഇഷ്ടമല്ലെന്ന് ഒരിക്കല്‍ പോലും ആര്‍ക്കും തോന്നിയിരുന്നില്ല.
വിവാഹ ദിവസം ഗംഭീര ആഘോഷത്തോടെ ആണ് വരന്‍ വിവാഹ വേദിയിലേക്ക് എത്തിയത്. വേദിയില്‍ എത്തിയ വരനെയും ബന്ധുക്കളേയും ആചാരപ്രകാരം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, ദ്വാരപൂജയ്ക്ക് ശേഷം ആണ് സംഭവം ആകെ മാറിമറിഞ്ഞത്. വധുവിനെ വിവാഹ വേദിയില്‍ ഉപേക്ഷിച്ച് വരന്‍ ബൈക്കില്‍ കയറി വേദിയില്‍ നിന്ന് മുങ്ങി.
എന്നാല്‍ വരന്‍ തിരിച്ചുവരും എന്ന് തന്നെയാണ് എല്ലാവരും കരുതിയത്. പക്ഷേ ജയമാല ചടങ്ങിനുള്ള സമയം ആയിട്ടും വരന്‍ എത്തിയില്ല. ഇതോടെ വിവാഹ വേദിയില്‍ ബഹളമായി, അടിയായി. അപ്പോഴാണ് അക്കാര്യം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്. വരന്‍ കോടതിയില്‍ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും ഇത് വരന്റെ രണ്ടാം വിവാഹമായിരുന്നുവെന്നുമാണ് പറയുന്നത്.
വരന്റെ അച്ഛന് ഇയാളുടെ വിവാഹം കഴിഞ്ഞ കാര്യം നേരത്തെ തന്നെ അറിയാമയിരുന്നുെവന്നും എന്നാല്‍ ഇത് മറച്ചുവെച്ച് രണ്ടാം വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണു വധുവിന്റെ കുടുംബക്കാര്‍ ആരോപിക്കുന്നത്. ഇതോടെ വന്‍ വഴക്ക് തന്നെ നടന്നു. കയ്യാങ്കളിയില്‍ കാര്യം എത്തി. പോലീസ് എത്തിയാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്.
ഇതുപോലെ പോലെ തന്നെ വിവാഹപ്പന്തലില്‍ നിന്ന് ഇറങ്ങി വധു കാമുകനൊപ്പം ബൈക്കില്‍ കയറിപ്പോയ സംഭവം ഉണ്ടായിരുന്നു. എന്നാല്‍ വരന്‍ വധുവിന്റെ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാവാതെ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. വിവാഹം നടക്കാതെ പോകില്ലെന്ന് വരന്‍ പറഞ്ഞു.
ദിവസങ്ങളോളം വരന്‍ വധുവിന്റെ വീട്ടില്‍ കഴിഞ്ഞു. ഒടുവില്‍ പോലീസ് വധുവിനെ കണ്ടെത്തുകയും വിവാഹം നടക്കുകയും ചെയ്തു. ഇതുപോലെ നിരവധി സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ആരും അറിയാതെ കാമുകിയെ വിവാഹം ചെയ്ത വരനെക്കുറിച്ചള്ള വാര്‍ത്തയും അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

 
                                            