ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദർശിച്ച് കണ്ണ് തള്ളി മുൻതാരം

ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളിയിരുന്നു എംഎസ് ധോണി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്നെ ധോണി ദിനങ്ങള്‍ അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന്റെ ആരാധകവൃന്ദത്തിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ക്രിക്കറ്റു പോലെ തന്നെ ധോണിക്ക് പ്രിയങ്കരമാണ് വാഹനങ്ങളും. ഇത്രയും വലിയ വാഹന ശേഖരമുള്ള ഒരു സെലിബ്രിറ്റി രാജ്യത്ത് വേറെയുണ്ടായെന്നു ചോദിച്ചാല്‍ ഇല്ല!

വിന്റേജ് വാഹനങ്ങളോട് പ്രത്യേക താല്‍പര്യം കാട്ടുന്ന ധോണി വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് പല തവണ പഴയ മോഡല്‍ കാര്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്

ധോണിയുടെ ഗ്യാരേജില്‍ അപൂര്‍വ്വ മോഡല്‍ കാറുകള്‍ മുതല്‍ ഏറ്റവും പുതിയ മോഡല്‍വരെയുണ്ട്. കാറുകളോടൊപ്പം ബൈക്കുകളുടെയും വലിയ ശേഖരമാണ് ധോണിക്കുള്ളത്. ഇപ്പോഴിതാ ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദര്‍ശിച്ച് കണ്ണുതള്ളിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. ഷോറൂം പോലെയാണ് ധോണിയുടെ ഗ്യാരേജെന്നും അവിടെ കാണാന്‍ സാധിക്കാത്ത വാഹനങ്ങളില്ലെന്നുമാണ് പ്രസാദ് പറയുന്നത്.

വളരെ രസകരമായതും കൗതകമുള്ളതുമായ വാഹന പ്രേമമാണിത്. ഇങ്ങനെയൊരു വാഹന പ്രേമിയെ ഞാന്‍ കണ്ടിട്ടില്ല. ധോണി നിങ്ങള്‍ എന്തൊരു മനുഷ്യനാണ്. കരിയറിലെ വലിയ നേട്ടങ്ങളോടൊപ്പം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധിച്ച ഭാഗ്യവാനാണ് താങ്കള്‍. വാഹനങ്ങളുടെ വലിയ നിരയാണ് ധോണിയുടെ റാഞ്ചിയിലെ വീട്ടിലുള്ളത്. വാഹനങ്ങളെ ഇങ്ങനെ സ്നേഹിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല. ഇത് നാലാം തവണയാണ് ധോണിയുടെ വീട് സന്ദര്‍ശിക്കുന്നത്.

പക്ഷെ ബൈക്ക് ശേഖരം ഇപ്പോഴാണ് കാണുന്നത്. ഇത്രയും ഭ്രാന്തമായി വാഹനങ്ങളെ സ്നേഹിക്കാനാവുമോ. ഒരു ബൈക്ക് ഷോറൂം തുടങ്ങാനുള്ള വാഹനങ്ങള്‍ ഇവിടെയുണ്ട്. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും അടങ്ങാത്ത ആഗ്രഹമുണ്ടെങ്കില്‍ ധോണിയെ കണ്ടു പഠിക്കാനാണ് ഞാന്‍ പറയുക’- വെങ്കടേഷ് പ്രസാദ് പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഇടവേള ലഭിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഡ്രൈവ് ചെയ്ത് യാത്ര പോകുന്നത് ധോണിയുടെ ഹോബിയാണ്.ചിലപ്പോള്‍ ബൈക്കില്‍ ദീര്‍ഘ ദൂര യാത്രകളും പോകും. പണ്ട് 30 ലക്ഷം രൂപ സമ്പാദിച്ച് റാഞ്ചിയില്‍ സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ധോണിക്ക് ഇപ്പോള്‍ 1000 കോടിയേറിലെ രൂപയുടെ ആസ്തിയുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ഇഷ്ടമുള്ള വാഹനങ്ങളെല്ലാം ഗ്യാരേജിലെത്തിക്കാനും ധോണിക്ക് സാധിക്കും. വിരമിച്ചതിന് ശേഷം ബിസിനസിലാണ് ധോണി കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. റാഞ്ചിയില്‍ 100 ഏക്കറില്‍ വലിയൊരു കൃഷിത്തോട്ടം ധോണിക്കുണ്ട്.

വിവിധ തരം ബുള്ളറ്റുകളും ധോണിയുടെ ശേഖരത്തിലുണ്ട്. ഈ വാഹനങ്ങളെല്ലാം ഇടക്ക് ഓടിക്കാനും ധോണി സമയം കണ്ടെത്താറുണ്ട്. വാഹനങ്ങള്‍ പരിപാലിക്കാനായി പ്രത്യേക ജോലിക്കാരുമുണ്ട്. വളരെ വൃത്തിയോടെ വാഹനങ്ങള്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ള ധോണി ഓരോ വാഹനങ്ങളും സൂക്ഷിക്കുന്നതിനായി വലിയൊരു ഗ്യാരേജാണ് വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *