ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കോടതി കാരണം ചോദിച്ചു. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തിയിരിന്നു.
താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടിൽ മറ്റാരും ഇല്ലെന്നും അയാൾ ആവശ്യപ്പെട്ടു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു. കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി.

 
                                            