ആറുമാസങ്ങൾക്കിപ്പുറവും നടപടിയാകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വധശ്രമ കേസ്

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധ ശ്രമക്കേസ് എന്ന വിധിയെഴുതി ആറുമാസം മുൻപ് പോലീസ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ആ കേസിന്റെ കുറ്റപത്രം പോലും പോലീസ് ഇതുവരെയും നൽകിയിട്ടില്ല . വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതാണ് കേസ് . ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെതിരെ കോടതി നിർദ്ദേശപ്രകാരം എടുത്ത കേസിന്റെ അന്വേഷണം ഏതാണ്ട് നിലച്ച അവസ്ഥയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്റെ പരാതിയിലാണ് അന്ന് കേസെടുത്തത്. പോരാത്തതിന് യൂത്ത് കോൺഗ്രസിന്റെ പരാതിയെ തുടർന്നുള്ള രണ്ടാമത്തെ കേസും. ആദ്യ കേസിൽ കുറ്റപത്രം നൽകിയാൽ ജയരാജനെതിരെയുള്ള കേസ് എന്തായി എന്ന് കോടതി ചോദിക്കുമോ എന്ന ഭയമാണ് യഥാർത്ഥത്തിൽ പോലീസിന് ഉള്ളത്. ജൂൺ 13ന് കണ്ണൂർ തിരുവനന്തപുരം ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോൾ യൂത്ത് കോൺഗ്രസുകാരായ യാത്രക്കാർ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനെ ചൊല്ലിയാണ് ഈ കേസ് ഉണ്ടായത്. ഇതിൽ ഗൂഢാലോചനയും കൂടി ഉൾപ്പെടുത്തി വധശ്രമ കേസ് ആക്കി മാറ്റി അന്ന് പോലീസ്. അതേ വിമാനത്തിൽ യാത്ര ചെയ്ത ഈ പി ജയരാജൻ പ്രതിഷേധക്കാരെ മർദ്ദിച്ചു തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. യൂത്ത് കോൺഗ്രസുകാർക്കെതിരെ മാത്രമാണ് ആദ്യം കേസെടുത്തത്. ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് പിന്നീട് ജയിലിൽ ആക്കി. ജയരാജനും മുഖ്യമന്ത്രിയുടെ രണ്ടു ജീവനക്കാരും ചേർന്ന് തങ്ങളെ ക്രൂരമായി മർദ്ദിച്ചെന്ന് ഇവർ പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ല. ചോദ്യംചെയ്യാൻ വിളിച്ചു വരുത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥിനെതിരെ വധശ്രമത്തിനും ഗൂഢാലോചനക്കും പോലീസ് കേസെടുത്തു. പ്രതിഷേധക്കാർക്ക് എതിരെ വിമാന കമ്പനി രണ്ടാഴ്ചത്തെ വിലക്കേർപ്പെടുത്തിയപ്പോൾ ജയരാജന് മൂന്നാഴ്ചത്തെ വിലക്കാണ് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് നിയമസഭയിൽ പറഞ്ഞത് ജയരാജനെതിരെ അടിസ്ഥാനരഹിത ആരോപണം എന്നാണ്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ,പേഴ്സണൽ അസിസ്റ്റന്റ് സനീഷ് എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പു ചുമത്തി കേസെടുക്കാൻ പോലീസ് നിർബന്ധിതമായി. എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രിയുടെ നിലപാട് കേട്ടതോടെ ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന ആശങ്കയിലാവുകയായിരുന്നു നമ്മുടെ നിയമപാലകർ.
മുഖ്യമന്ത്രിക്ക് എതിരായ വധശ്രമത്തിൽ മൊബൈൽ ഫോൺ ദൃശ്യങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളും നൽകിയെങ്കിലും ഇതുവരെയും റിപ്പോർട് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയും ജയരാജന്റെയും മറ്റും മൊഴിയെടുത്തുവെങ്കിലും പല സാക്ഷികളും സ്ഥലത്തില്ല എന്നാണ് അസിസ്റ്റന്റ് കമ്മീഷണർ ടി കെ പൃഥ്വിരാജ് പറയുന്നത്.
അതേസമയം ജയരാജന് എതിരായ പരാതിയിൽ വാദികളായ ഞങ്ങളുടെ മൊഴി മൂന്നുമാസം മുൻപ് കൊല്ലത്ത് വച്ച് എടുത്തതാണ്,ജാമ്യവ്യവസ്ഥ പ്രകാരം ഞങ്ങൾക്ക് തിരുവനന്തപുരത്ത് പ്രവേശനമില്ല.മുഖ്യ മന്ത്രിക്കെതിരായ കേസിൽ പോലീസ് മൂന്നാം പ്രതിയാക്കിയ സുനിത് നാരായണനെ ഞങ്ങൾ സാക്ഷിയാക്കി അദ്ദേഹം തിരുവനന്തപുരത്ത് ചെന്ന് മൊഴി നൽകാമെന്ന് പറഞ്ഞിട്ടും പോലീസ് ഇത് രേഖപ്പെടുത്തുന്നില്ല എന്ന് ഫർസീൻ മജീദ് കേസിനെ കുറിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *