കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടി. ഇന്ന് പുലർച്ചെ കൊല്ലം കുണ്ടറയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു.
പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ ആറ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ കുണ്ടറയിൽ ഒളിവിൽ കഴിയുകയാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ വടിവാൾ വീശുകയായിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ പ്രാണരക്ഷാർത്ഥം വെടിവെച്ചെന്നാണ് പൊലീസ് ഭാഷ്യം.
