ലേഖനവിവാദം ഒരു ഭാഗത്ത് മുറുകുമ്പോൾ, കോൺ ഗ്രസിനെ ട്രോളുകയാണ് ശശി തരൂർ.. സംസ്ഥാനത്തെ വ്യവസായ വളർച്ചാ വിഷയത്തിലെ പരാമർശത്തിന്റെ പേരിൽ തന്നെ വിമർശിച്ചവരെയാണ് തരൂർ ട്രോളിയത്.. പാർട്ടിക്കകത്ത് നേതാക്കൾ തമ്മിൽത്തല്ലുന്നതിൽ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവർക്കിടയിൽ ഐക്യം വന്നല്ലോ. അതിൽ സന്തോഷമുണ്ട്’’ – രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിരുവനന്തപുരത്തെത്തിയ ശശി തരൂർ പറഞ്ഞു. ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെന്നു വ്യക്തമാക്കിയും കോൺഗ്രസിലെ ഉൾപ്പാർട്ടി പോരിനെ പരോക്ഷമായി പരിഹസിച്ചുമാണു തരൂർ കേരളത്തിൽ മടങ്ങിയെത്തിയത്.പരാതി പറയാനല്ല താൻ രാഹുലിനെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ഒരു കാര്യത്തിലും പരാതി പറയുന്നയാളല്ല. കുറേ നാളായി പറയാൻ ആഗ്രഹിച്ച ചില കാര്യങ്ങൾ അറിയിക്കാനാണു പോയത്. ഒറ്റയ്ക്കു കൂടിക്കാഴ്ച വേണമെന്നു രാഹുലിനോടു ഞാനാണ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്തിട്ടില്ല. അതിനുള്ള സമയമായിട്ടില്ല. കൂടിക്കാഴ്ച വളരെ പോസിറ്റീവ് ആയിരുന്നു. എനിക്ക് ഒരു പ്രശ്‌നവുമില്ല. ആർക്കെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവരാണ് അക്കാര്യം പറയേണ്ടത്. ഞാൻ എഴുതിയ ലേഖനത്തിന് ആധാരമാക്കിയ റിപ്പോർട്ടിനെക്കുറിച്ചാണു വിമർശനമുയർന്നത്. വേറെ കണക്കുകളുണ്ടെങ്കിൽ കേൾക്കാൻ തയാറാണ്.കേരളത്തിലെ തൊഴിലില്ലായ്മയെയും അതു പരിഹരിക്കാൻ ആവശ്യമായ മാർഗങ്ങളെ കുറിച്ചും കഴിഞ്ഞ 16 വർഷമായി ഞാൻ പറയുന്നു. ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യങ്ങൾ നടന്നുവെന്ന് റിപ്പോർട്ടിൽ കണ്ടപ്പോൾ അത് ചൂണ്ടിക്കാട്ടിയാണു ലേഖനമെഴുതിയത്. അതേക്കുറിച്ച് കൊച്ചിയിൽ പ്രസംഗിക്കുകയും ചെയ്തു. ഞാൻ ആധാരമാക്കിയത് സിപിഎമ്മിന്റെ റിപ്പോർട്ടല്ല. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയത്. എന്നാൽ, ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയത്തെക്കുറിച്ചു ചർച്ച വന്നത് നല്ല കാര്യമാണ്. ജനങ്ങളെ ബോധവൽക്കരിക്കാൻ അതു സഹായിക്കും. കക്ഷി രാഷ്ട്രീയം കളിച്ചിട്ടു കാര്യമില്ല. തങ്ങളുടെ ഭാവി സംരക്ഷിക്കാൻ എന്തൊക്കെ നടപടികളാണുള്ളതെന്നാണു ജനം നോക്കുന്നത് എന്നുമായിരുന്നു തരൂർ പറഞ്ഞത്..

 
                                            