സുരേഷ്ഗോപി കേന്ദ്രമന്ത്രിയായേക്കും

മുന്‍ എം പി യും, നടനും, ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് പുതിയ സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ള വകുപ്പുകളില്‍ മാറ്റം വരുത്തിയും സമഗ്രമായ പുനസംഘടനയ്ക്കാണ് ഒരുക്കമെന്ന് ബിജെപിയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞദിവസം ബിജെപി ഉന്നത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഴിച്ചു പണി സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഈ യോഗത്തോടെ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. അതിനിടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങലില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലത്തില്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായിരുന്നു. ഇത് വിജയിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന,മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് മുമ്പായി ഭരണ നേതൃത്വത്തിലും പാര്‍ട്ടിയിലും മാറ്റങ്ങള്‍ വരുത്താനാണ് ബിജെപിയുടെ ഉദ്ദേശം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ചിരുന്നു. 2014 ല്‍ സുരേഷ് ഗോപിയെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തിരുന്നു.

അതേ സമയം ബിജെപി വിടുമെന്ന അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും വ്യാപകമായി പ്രചരിക്കുന്നതിനിടെ അവയെല്ലാം നിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും പ്രശസ്ത ചലച്ചിത്ര താരവുമായ ജി കൃഷ്ണ കുമാര്‍ രംഗത്ത് വന്നു.സമൂഹ മാദ്ധ്യമത്തില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത് കാണാനിടയായി.
ഒരു സമര്‍പ്പിത ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയില്‍, തിരുവനന്തപുരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി ഞാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരികയാണ്, അത് തുടരുകതന്നെ ചെയ്യും. നല്ല മാറ്റങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയായി പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ് എന്റെ ലക്ഷ്യം. ഈ ദൗത്യത്തോടുള്ള എന്റെ സമര്‍പ്പണം ദൃഢമായിത്തന്നെ തുടരും. കാരണം, വെറും ആവേശം കൊണ്ടോ അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ നേടിയെടുക്കാനോ അല്ല, മറിച്ച് തികഞ്ഞ ആദര്‍ശബോധം കൊണ്ട് മാത്രം ഈ പാത തിരഞ്ഞെടുത്തയാളാണ് ഞാന്‍. നരേന്ദ്രമോദിയെന്ന സൂര്യനാണ് ഭാരതത്തെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കുമെന്നപോലെ എന്റെയും ഊര്‍ജസ്രോതസ്സ്. അതാണെന്റെ ശക്തി. അതാണെന്റെ വിജയവും.

ചിലരുണ്ട്. സൂര്യന്‍ എന്നും ഒരേ സ്ഥാനത്തുതന്നെയാണെന്നും, ഭൂമിയാണ് അതിനുചുറ്റും കറങ്ങി എന്നും രാവിലെ നമ്മെ ആ പ്രകാശവര്‍ഷം കണികാണിക്കുന്നതെന്നും അറിയാത്ത ചിലര്‍. അവര്‍ ചിന്തിക്കുന്നത് അവരാണെല്ലാമെന്നും, എല്ലാ ദിവസവും സൂര്യന്‍ ഇങ്ങോട്ടുവന്ന് അവരെക്കണ്ട് വണങ്ങിപ്പോകുകയുമാണെന്നാണ്. സൂര്യനില്ലെങ്കില്‍ നമ്മളാരുമില്ലെന്ന ലളിതമായ സത്യംപോലും അവര്‍ മനസ്സിലാക്കുന്നില്ല.ഇനിയും നേരം വെളുക്കാത്ത ആ ചിലരെപ്പറ്റി, ‘കൃഷ്ണകുമാര്‍ ബിജെപി വിടുന്നതിനെക്കുറിച്ച്’ എഴുതിയവര്‍ക്കായി ഇത്രമാത്രം പറയുന്നു – ഞാന്‍ എന്റെ ഇന്നിംഗ്‌സ് ആരംഭിച്ചിട്ടേയുള്ളൂ. ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്. മാറ്റത്തിന്റെ കാറ്റ് തിരുവനന്തപുരത്ത് വീശാനാരംഭിച്ചിട്ടുണ്ട്. ദേശീയനേതൃത്വം എന്നിലേല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുണ്ട്.കൃഷ്ണകുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *