കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
പുരുഷമേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്‌റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളില്‍ സജീവമായിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
