എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനവുമായി ‘എന്നാ താൻ പോയി കേസ് കൊട്’ ചിത്രത്തിലെ അഭിനേതാവും അഭിഭാഷകനുമായ ഷുക്കൂർ.
സോഷ്യൽ മീഡിയയിലൂടെ ഫാത്തിമ തഹ്ലിയ തനിക്കെതിരെ അസത്യപ്രചാരണങ്ങൾ നടത്തുന്നു എന്നാണ് ഷുക്കൂർ വക്കീൽ ആരോപിക്കുന്നത്. മുസ്ലിം ലീഗിനെതിരെ ഷുക്കൂർ വക്കീൽ ഉയർത്തിയ വിമർശനങ്ങൾക്കെതിരെയെന്ന രീതിയിൽ ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
അധികാര സ്ഥാനത്ത് ഏതെങ്കിലും സ്ത്രീയെ മുസ്ലിംലീഗ് ഇതുവരെ ഇരുത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഷുക്കൂർ വക്കീലിന്റെ ഭാര്യയെ എംജി യൂണിവേഴ്സിറ്റിയുടെ പ്രൊവൈസ് ചാൻസിലർ കസേരയിൽ ഇരുത്തിയത് മുസ്ലിം ലീഗാണ്. കാസർഗോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി ഷുക്കൂർ വക്കീലിനെ നിയമിച്ചതും ലീഗ് തന്നെയാണ്. പാർട്ടിയിൽ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങൾ എല്ലാം പറ്റിയിട്ട് പുതിയ മേച്ചിൽ പുറങ്ങൾക്കായി അലയുന്ന ഷുക്കൂറിനെ ഭാഗ്യം തുണക്കട്ടെ എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ ഫാത്തിമ പറയുന്ന തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ല എന്നും അങ്ങനെയാണെങ്കിൽ തെളിവ് ഹാജരാക്കണമെന്നുമാണ് ഷുക്കൂർ വക്കീൽ പറയുന്നത്. തെളിവുകൾ ഒന്നും ഹാജരാക്കാത്ത പക്ഷം പോസ്റ്റ് പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു വ്യക്തി പറഞ്ഞതായി പറയപ്പെടുന്ന കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പിക്കേണ്ട ഉത്തരവാദിത്യം അഭിഭാഷക കൂടിയായ ഫാത്തിമ തഹ്ലിയയ്ക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുസ്ലിം ലീഗ് അധികാരസ്ഥാനങ്ങൾ സ്ത്രീകളെ ഇരുത്തുന്നില്ല എന്ന തരത്തിലുള്ള പരാമർശം ഷുക്കൂർ നടത്തിയെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ ആദ്യമായാണ് ഒരു നേതാവ് ഷുക്കൂറിനെതിരെ രംഗത്തുവരുന്നത്.
